മാതാപിതാക്കൾ വഴക്കിട്ടു; ഇരിട്ടിയിൽനിന്ന് പിണങ്ങിപ്പോയ പതിനഞ്ചുകാരി തൃശൂരിൽ
1589352
Friday, September 5, 2025 1:57 AM IST
ഇരിട്ടി: മാതാപിതാക്കൾ വഴക്കിട്ടതിനെ തുടർന്ന് പിണങ്ങി പോയ പതിനഞ്ചുകാരിയെ ഇന്നലെ പുലർച്ചെ 1.30 ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ഇരിട്ടിയിലാണ് സംഭവം.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായെന്ന് മനസിലായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസും സോഷ്യൽ മീഡിയയും ഒരുപോലെ ഉണർന്ന് പ്രവർത്തിച്ചു.
കുട്ടിയെ പല ബസ് സ്റ്റോപ്പുകളിലും കണ്ടതായി പോലീസിന് വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പുലർച്ചെ 1.30 ഓടെ തൃശൂർ റെയിൽവേ പോലീസ് കുട്ടിയെ കണ്ടെത്തുന്നതും പോലീസിനെ വിവരം അറിയിക്കുന്നതും.
മാതാപിതാക്കൾ തമ്മിലുള്ള വഴക്കിൽ മനംനൊന്താണ് കുട്ടി വീട്ടുകാരോട് പറയാതെ തൃശൂരിലുള്ള അമ്മയുടെ ബന്ധുവിന്റെ വീട്ടിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. തൃശൂരിൽ എത്തുന്ന ബന്ധുക്കൾക്ക് കുട്ടിയെ കൈമാറി. ഓണത്തിരക്കിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ കുട്ടി തൃശൂർവരെ എത്തുകയായിരുന്നു. പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ തനിച്ചൊരു പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ റെയിൽവേ പോലീസ് കുട്ടിയോട് കാര്യങ്ങൾ തിരക്കുകയായിരുന്നു.