ഗാന്ധിയൻ പഠനകേന്ദ്രം പുരസ്കാരം സമ്മാനിച്ചു
1589877
Monday, September 8, 2025 1:13 AM IST
ചെറുപുഴ: ഗാന്ധിയൻ പഠന കേന്ദ്രം ശ്രദ്ധേയരായ അധ്യാപകർക്കായി ഏർപ്പെടുത്തിയ അവാർഡ് അധ്യാപക ദിനത്തിൽ കുണ്ടംതടം എയ്ഞ്ചൽസ് ഹോം സ്പെഷൽ സ്കൂൾ അധ്യാപിക കെ. സ്മിതയ്ക്ക് സമ്മാനിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്കു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ കലാപ്രവർത്തനങ്ങളിലൂടെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനായി നൂതന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരുന്നു. കെ. സ്മിത വിദ്യാഭ്യാസ പ്രവർത്തനത്തോടപ്പം കലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.
ഉദ്ഘാടനവും അവാർഡ് വിതരണവും നവപുരം മതാതീത ദേവാലയം സ്ഥാപകനും സാമൂഹ്യ ചിന്തകനും പ്രഭാഷകനുമായ പ്രാപ്പൊയിൽ നാരായണൻ നിർവഹിച്ചു. ചടങ്ങിൽ എഴുത്തുകാരനും പൊതുപ്രവർത്തകനുമായ റഫീഖ് പറമ്പത്ത് അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകൻ പെരിങ്ങോം ഹാരീസ്, ബ്ലോഗർ അനീഷ് കടുമേനി എന്നിവർ പ്രസംഗിച്ചു. കെ. സ്മിത മറുപടി പ്രസംഗം നടത്തി.