മരിച്ചവരെ പോലും ജാമ്യക്കാരാക്കിയെന്ന് ഫിഷറീസ് വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്
1589619
Sunday, September 7, 2025 2:44 AM IST
കണ്ണൂർ: ആയിക്കരയിലെ സിപിഎം നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നടന്ന വായ്പാ തട്ടിപ്പിൽ മരിച്ചവരെ പോലും ജാമ്യക്കാരാക്കി ചേർത്താണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ റിപ്പോർട്ട്. സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും അറിവോടെയാണ് ഇത്തരത്തിൽ മരിച്ചവരെ ജാമ്യക്കാരാക്കി തട്ടിപ്പ് നടത്തിയതെന്നാണ് ഫിഷറീസ് വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
20 വർഷങ്ങൾക്കു മുന്‍പ് മരിച്ചവരെ പോലും ഇത്തരത്തിൽ വ്യാജ ജാമ്യക്കാരായി ചേർത്തതായാണ് കണ്ടെത്തിയത്. നേരത്തെ നല്ല നിലയിൽ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുപോന്നിരുന്ന സഹകരണ സംഘത്തിൽ വ്യാജ വായ്പ വ്യാപകമായി നൽകിയതോടെ സംഘത്തിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലാകുകയായിരുന്നു. സംഘടിത കൊള്ളയാണ് ഇവിടെ നടന്നതെന്നാണ് ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ജി. സന്തോഷ് കുമാര്‍ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
വ്യാജമായി സൃഷ്ടിച്ച ചില സേവിംഗ് അക്കൗണ്ടുകള്‍ വഴി സഹകരണ സംഘത്തിൽനിന്നു പണം പുറത്തേക്ക് കടത്തിയെന്നാണ് വിവരം. സംഘത്തിൽ വലിയ തുകകൾ സ്ഥിരനിക്ഷേപമായി ലഭിച്ചിരുന്ന ദിവസങ്ങളില്‍ ഈ തുകകൾ അക്കൗണ്ട് ഉടമകൾ അറിയാതെ പിൻവലിച്ചിട്ടുണ്ട്. സെക്രട്ടറിയായിരുന്ന സുനിതയെ സസ്പെൻഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിൽ വരെ ഇത്തരം ഇടപാടുകൾ നടത്തിയിരുന്നു.
സംഘം ഭാരവാഹികളുടെ പേരിലും സംഘത്തിൽ ജീവനക്കാരായിരുന്നവരുടെ പേരിലുമെല്ലാം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നു. സെക്രട്ടറിയായിരുന്ന സുനിതയുടെ മകളുടെ പേരിൽ സേവിംഗ്സ് അക്കൗണ്ട് തുറന്ന് പണമിടപാട് നടത്തിയിട്ടുണ്ട്. ആയിക്കര സ്വദേശിയായ സിറാജ് എന്നയാളുടെ എസ്ബിഐ അക്കൗണ്ടിലൂടെ ഒന്നേമുക്കാൽ കോടിയോളം രൂപയുടെ ഇടപാടും അജീന എന്നയാളുടെ അക്കൗണ്ടിലേക്ക് ഒരുകോടി 30 ലക്ഷം രൂപയുടെയും ഇടപാടുകൾ നടന്നതായി സ്ഥാപനത്തിന്റെ രേഖകളിലുണ്ട്.
എന്നാൽ ഇത്തരം ഇടപാടുകൾ നടന്നത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് ഇരുവരും അന്വേഷണ കമ്മീഷനെ അറിയിച്ചത്. സഹകരണ സംഘത്തിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാരവാഹികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതല്ലാതെ മറ്റു നടപടികൾ ഉണ്ടായിട്ടില്ലെന്ന് നിക്ഷേപകരും മത്സ്യത്തൊഴിലാളികളും ആരോപിക്കുന്നു.