ഉത്രാട രാത്രിയിൽ നഗരം ശുചിയാക്കി കണ്ണൂർ മേയറും ജനപ്രതിനിധികളും
1589617
Sunday, September 7, 2025 2:44 AM IST
കണ്ണൂർ: തിരുവോണത്തലേന്നായ ഉത്രാട രാത്രിയിൽ മേയറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നഗരം വൃത്തിയാക്കി തിരുവോണത്തെ വരവേറ്റു. നഗരത്തിലെ തിരക്കൊഴിഞ്ഞതിനു പിന്നാലെയാണ് മേയറും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നഗരശുചീകരണത്തിനിറങ്ങിയത്.
ഓണത്തോടനുബന്ധിച്ചുള്ള പൂക്കച്ചവടത്തിന്റെയും മറ്റ് വഴിയോര വാണിഭങ്ങളുടെയും അവശിഷ്ടങ്ങൾ നഗരത്തിൽ പലയിടത്തും നിറഞ്ഞുനിന്ന സാഹചര്യത്തിലാണ് മേയർ മുസ്ലിഹ് മഠത്തിലിന്റെ നേതൃത്വത്തിൽ നഗരശുചീകരണം നടത്തിയത്. സ്റ്റേഡിയം കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ കിഴക്കെ കവാടം, കാൽടെക്സ് ജംഗ്ഷൻ തുടങ്ങിയടങ്ങളിൽ നിന്നു പൂർണമായും മാലിന്യങ്ങൾ നീക്കം ചെയ്തു.
ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി രാജേഷ്, മുൻ മേയർ ടി.ഒ മോഹനൻ, കൗൺസിലർമാരായ കെ.പി. അബ്ദുൽറസാഖ്, കൂക്കിരി രാജേഷ്, കെ.പി. റാഷിദ്, ക്ലീൻ സിറ്റി മാനേജർ ഷൈൻ പി. ജോൺ, എസ്വിഎച്ച്ഒമാരായ സുധീർ ബാബു, സജില, ബിന്ദു, അനുഷ്ക, ജെഎച്ച്ഐ അഷ്റഫ്, കോർപറേഷൻ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി.