കാർ തടഞ്ഞ് കത്തികാട്ടി യാത്രികനെ കൊള്ളയടിച്ച പ്രതി അറസ്റ്റിൽ
1589621
Sunday, September 7, 2025 2:44 AM IST
മയ്യിൽ: മയ്യിൽ എട്ടേയാറിൽ ബൈക്കിലെത്തി കാർ തടഞ്ഞുനിർത്തി യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കൊള്ളയടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാവന്നൂർമെട്ട സ്വദേശി എൻ.കെ. നിസാറിനെ (40 ) യാണ് മയ്യിൽ ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാർ, എസ്ഐ പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കുറ്റ്യാട്ടൂർ സ്വദേശിയും ഇപ്പോൾ പന്ന്യന്നൂരിൽ താമസിക്കുകയും ചെയ്യുന്ന മർവാൻ ഖാലിദിന്റെ 4000 ദുബായ് ദിർഹവും 30,000 രൂപയും കവർന്ന കേസിലാണ് 24 മണിക്കൂറിനുള്ളിൽ പ്രതി അറസ്റ്റിലാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലിനായിരുന്നു കേസിനാ സ്പദമായ സംഭവം.
താൻ കാർ ഓടിച്ചു പോകുന്നതിനിടെ ബൈക്കിലെത്തിയ പ്രതി കാർ നിർത്താൻ ആവശ്യപ്പെടുകയാ യിരുന്നുവെന്നാണ് ഖാലിദ് പോലീസിനോട് പറഞ്ഞത്.
കാർ നിർത്തി ഗ്ലാസ് താഴ്ത്തിയപ്പോൾ മൊബൈൽ ഫോൺ തട്ടിയെടുത്തു. ഇതോടെ കാറിൽനിന്ന് പുറത്തിറങ്ങിയ ഖാലിദിനെ പ്രതി തലകൊണ്ട് ഇടിക്കുകയും വലതു കൈയുടെ ഷോൾഡറിന് കടിക്കുകയും ചെയ്ത ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്സ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.