ഉദ്ഘാടനത്തിലൊതുങ്ങി പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡ് നിര്‍മാണം
1589871
Monday, September 8, 2025 1:13 AM IST
പയ്യന്നൂര്‍: മാസങ്ങള്ക്കപ മുമ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ച പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനത്തിലൊതുങ്ങി. സാങ്കേതികവും സാമ്പത്തികവുമായ നിരവധി കടമ്പകള്‍ പിന്നിട്ട് എല്ലാ അനുമതിയും നേടിയശേഷം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിച്ച രണ്ടാംഘട്ട നിര്‍മാണമാണ് അനിശ്ചിതത്വത്തിലായത്.
1990ല്‍ നിലവില്‍ വന്ന പയ്യന്നൂര്‍ നഗരസഭയുടെ ആദ്യതീരുമാനമായിരുന്നു ബസ്സ്റ്റാൻഡ് നിര്‍മാണം. ബസ്സ്റ്റാൻഡ് നിര്‍മാണത്തിനായി നടുവിലെ വീട്ടില്‍ ശങ്കരന്, എമ്മന് രാഘവന് എന്നിവരില്‍ നിന്ന് മൂന്നേക്കര്‍ 49 സെന്റ് സ്ഥലവും ചാലിക്കണ്ടി പീടികയില്‍ അബ്ദുള്ളയില്‍ നിന്ന് ഒരേക്കര്‍ സ്ഥലവും പുതിയ വീട്ടില്‍ രമണി, ചെരിപ്പാടി വിനോദ്കുമാര്‍ എന്നിവരില്‍ നിന്ന് ഒരേക്കര്‍ സ്ഥലവും ചേര്‍ത്ത് ആകെ അഞ്ചേക്കര്‍ 49 സെന്റ് സ്ഥലം 1997ലാണ് നഗരസഭയ്ക്ക് സൗജന്യമായി വിട്ടുകിട്ടിയത്. എന്നാല്‍, സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ കാരണങ്ങളാല്‍ ബസ്സ്റ്റാൻഡ് നിര്‍മാണം നീണ്ടുപോകുകയായിരുന്നു.
ഇതിനിടയില്‍ മണ്ണിട്ടുയര്ത്തുന്നതിനും കെനോപ്പി, പ്ലാറ്റ്ഫോം എന്നിവയുടെ നിര്‍മാണത്തിനുമായി 2,01,22,741 രൂപ ചെലവായി. പിന്നീട് രണ്ടാംഘട്ട നിര്‍മാണം തുടങ്ങുന്നതിനായി നിരവധി കടമ്പകളാണ് തരണം ചെയ്യേണ്ടി വന്നത്. ഒടുവില്‍ അനുമതി ലഭിച്ച 4.983 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റില്‍ നഗരസഭയുടെ തനതു ഫണ്ടുപയോഗിച്ചുള്ള ബസ്സ്റ്റാൻഡ് നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിക്കുകയായിരുന്നു. പുതിയ ബസ് സ്റ്റാൻഡ് യാര്‍ഡ് നിര്‍മാണം, ടോയ്ലറ്റ് നിര്‍മാണം എന്നിവയായിരുന്നു പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു കരാര്‍ ഏജന്‍സിയും നഗരസഭയുമായി കരാര്‍ ഉടമ്പടിയില്‍ ഒപ്പിട്ടത്. അതിന്ശേഷം മാര്‍ച്ച് 16നാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ പ്രാരംഭ പ്രവര്‍ത്തിയാരംഭിച്ച നിര്‍മാണ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി.
ഈ ഭരണസമിതിയുടെ കാലത്ത് തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാൻ ഉദ്ദേശിച്ചിരുന്ന പ്രവര്‍ത്തിയാണ് അഞ്ച് മാസത്തോളമായി നിശ്ചലമായി കിടക്കുന്നത്.
എസ്റ്റിമേറ്റിലുണ്ടായിരുന്ന മെക്കാഡം ടാറിംഗ് കോണ്ക്രീറ്റാക്കി മാറ്റുന്ന പ്രവൃത്തിയുടെ പുതിയ നിരക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് അനുമതി ലഭിക്കാനുള്ള കാലതാമസമാണ് വിനയായതെന്ന് നഗരസഭ ചെയര്മാന് കെ.വി. ലളിത പറഞ്ഞു. ഉടൻ അനുമതി ലഭിക്കുമെന്നും ഇതേതുടര്‍ന്ന് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ചെയര്മാന് പറഞ്ഞു.