തിരക്കിലമർന്ന് ഉത്രാടം; ഇന്ന് തിരുവോണം
1589351
Friday, September 5, 2025 1:57 AM IST
കണ്ണൂർ: ഇരുണ്ട കാർമേഘങ്ങളോ, കനത്ത മഴയോ ഓണക്കാഴ്ചകൾക്ക് ഒട്ടും മങ്ങലേൽപ്പിച്ചില്ലതിരുവോണസദ്യക്കായി സാധനങ്ങള്‍ വാങ്ങാനും പൂക്കളും പുതുവസ്ത്രവും സ്വന്തമാക്കാനും ഇത്തവണ കണ്ണൂർ നഗരത്തിലടക്കം വലിയ തിക്കും തിരക്കുമാണ് ഉത്രാടദിവസം കാണാനായത്.
മഴയേയും ആഘോഷമാക്കുന്ന തിരക്കാണ് ഉത്രാടം നാളിൽ കണ്ണൂർ നഗരത്തിലടക്കം ദൃശ്യമായത്. മനസ് നിറഞ്ഞ ഷോപ്പിംഗ് കഴിയുമ്പോള്‍ കീശകാലിയാകുന്ന ദിനം കൂടിയാണ് ഉത്രാടമെന്ന് പറയാം. ഉത്രാടനാളില്‍ വിപണി രാത്രി വൈകും വരെ സജീവമായിരുന്നു. പച്ചക്കറി കടകളിലും പലവ്യഞ്ജന കടകളിലും തുണിക്കടകളിലും നിന്നു തിരിയാനാവാത്ത തിരക്ക്. കാശുപോയാലും വേണ്ടില്ല കാര്യം നടക്കട്ടെയെന്ന് വേവലാതിപ്പെടുന്ന മലയാളിയുടെ ദിനം.
പണ്ട് ഗ്രാമച്ചന്തകളിലെ തിരക്കായിരുന്നു ഉത്രാടപാച്ചിലെങ്കില് ഇന്നത് നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. മാളുകള്‍ ഉത്രാടപാച്ചിലിന്റെ പുത്തന്‍ ഇടങ്ങളായും മാറിക്കഴിഞ്ഞു. ഒരു കരുതല്‍ മനസിലുള്ളതിനാല്‍ ഓണ്‍ലൈന്‍ വ്യാപാരവും തകര്‍ക്കുകയാണ്. ഓര്‍ഡര്‍ കിട്ടിയ സാധനങ്ങളുമായി ഉപഭോക്താക്കളുടെ വീടുതേടി പോകുന്ന കച്ചവടക്കാരുടെ ന്യൂജന്‍ കച്ചവടത്തിന്റെ ഉത്രാടപാച്ചിലാകും വരും കാലം. വിപണി വീട്ടിലേക്ക് എത്തും കാലം. എങ്കിലും നഗരത്തിലെ ഷോപ്പിംഗ് മാമാങ്കത്തിന് ഇത്തവണയും ഒരു കുറവും വന്നിട്ടില്ല.
പൂക്കളമൊരുക്കിയും ആഘോഷങ്ങളുമായും ഓണം കളറാക്കുകയാണ് മലയാളി. ഉത്രാടം നാളിൽ ജനം ഒഴുകി എത്തിയതോടെ നാടും നഗരവും ഓണത്തിരക്കിലമർന്നു. എങ്ങും ഓണ ലഹരിയാണ്.
മഴ മാറി മാനം തെളിയുന്ന ഇടവേള നോക്കിയാണ് കുടുംബാംഗങ്ങൾ പുറത്തിറങ്ങുന്നത്. എന്നാൽ പിന്നീടുള്ള മഴയെക്കുറിച്ചറിയാതെ മലയാളി ഓണത്തിമർപ്പിലാണ്.