കേരളത്തിന്റെ വളർച്ചയ്ക്ക് ഭാവി സ്വപ്നം കാണുക: ചാണ്ടി ഉമ്മൻ എംഎൽഎ
1589623
Sunday, September 7, 2025 2:44 AM IST
തലശേരി: വിദേശ തൊഴിൽസാധ്യതകളെ മാത്രം ആശ്രയിക്കാതെ സ്വന്തം നാട്ടിൽ സ്ഥിരജോലി കണ്ടെത്താനുള്ള ശ്രമം യുവജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസിവൈഎം തലശേരി അതിരൂപത സംഘടിപ്പിക്കുന്ന പ്രഥമ യൂത്ത് അസംബ്ലിയിൽ ജനാധിപത്യത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച തലശേരി സാൻജോസ് മെട്രോപ്പോളിറ്റൻ സ്കൂളിൽ ആരംഭിച്ച യൂത്ത് അസംബ്ലി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാസഭ ഭാവിയെ നോക്കികാണുന്നത് യുവജനങ്ങളുടെ കണ്ണുകളിലൂടെയാണ്. സമൂഹത്തിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ യുവജനങ്ങൾക്ക് സാധിക്കണമെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. അഖിൽ മുക്കുഴി ആമുഖ പ്രഭാഷണം നടത്തി. കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് മേൽവെട്ടത്ത്, കെസിവൈഎം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, അമൽ പേഴുകാട്ടിൽ, സോന ചവണിയാങ്കൽ എന്നിവർ പ്രസംഗിച്ചു. നവമാധ്യമരംഗത്ത് യുവജന പങ്കാളിത്തം എന്ന വിഷയത്തിൽ സീറോ മലബാർ സഭയുടെ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്, നാളെയുടെ യുവജന നേതാക്കൾ എന്ന വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, യുവത്വവും മാധ്യമവും എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടോം കുര്യാക്കോസ് എന്നിവർ ക്ലാസെടുത്തു.
യൂത്ത് അസംബ്ലിയോടനുബന്ധിച്ച് വിവിധ സമൂഹിക വിഷയങ്ങളിൽ യുവജന പാർലമെന്റ് നടത്തി. ബിബിൻ പീടിയേക്കൽ, ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിക്കൽ, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറിയിൽ, അഞ്ജു വരിക്കാനിക്കൽ, അപർണ സോണി, സിസ്റ്റർ ജോസ്ന റോസ് എസ്എച്ച് എന്നിവർ യൂത്ത് അസംബ്ലിക്ക് നേതൃത്വം നൽകി.