എംഡിഎംഎയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
1589875
Monday, September 8, 2025 1:13 AM IST
തളിപ്പറമ്പ്: ഓണം സ്പെഷൽ ഡ്രൈവിൽ എംഡിഎംഎയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി. ആംബുലൻസ് ഡ്രൈവർ തളിപ്പറമ്പ് കണ്ടി വാതുക്കൽ സ്വദേശി കായക്കൂൽ പുതിയ പുരയിൽ വീട്ടിൽ കെ.പി. മുസ്തഫ (37) യെ തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ. രാജീവന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽനിന്ന് 430 മില്ലി ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആംബുലൻസ് ഡ്രൈവറായ മുസ്തഫ രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ അവിടെനിന്ന് എംഡിഎംഎ ശേഖരിച്ച് മടങ്ങിയെത്തി നാട്ടിൽ വില്പന നടത്തിവരികയായിരുന്നു.
എംഡിഎംഎ ചെറുപൊതികളിലാക്കി ഏതെങ്കിലും സ്ഥലത്ത് വച്ചശേഷം ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുക്കുകയും അവർ അവിടുന്ന് എടുത്തുകൊണ്ടുപോകുകയുമാണ് ചെയ്തിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു.
കർണാടകയിൽനിന്ന് എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാൾ. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. രാജേഷ്, പി.പി. മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസമാരായ ടി.വി. വിജിത്ത്. കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.