അവിടെ കല്യാണം; ഇവിടെ പോക്സോ കേസ്
1589620
Sunday, September 7, 2025 2:44 AM IST
കണ്ണൂർ: വിവാഹം കഴിഞ്ഞ് കുടുംബത്തോടെ കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പോക്സോ കേസിൽ അറസ്റ്റിലാകുന്നത് വ്യാപകമാകുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചാണ് ഭാര്യയോടൊപ്പം വിവിധ ജോലികൾക്കായി ഇവർ കേരളത്തിൽ എത്തുന്നത്.
ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോഴാണ് ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പ്രസവസമയത്ത് രജിസ്റ്ററിൽ ഭാര്യയുടെ വയസ് ചേർക്കുന്പോൾ 16 അല്ലെങ്കിൽ 17 ആണ് മിക്കവരുടെയും വയസ്. വയസ് കാണുന്പോൾ തന്നെ ഡോക്ടർമാർ പോലീസിൽ വിവരം അറിയിക്കും. തങ്ങളുടെ സംസ്ഥാനത്ത് വച്ച് വിവാഹം കഴിച്ചതിന്റെ രേഖകൾ കാണിച്ചാലും പോലീസെത്തി പോക്സോ കേസിലാണ് അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നതിനാൽ മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും. അതിനാൽ, കുഞ്ഞുമായി ജീവിക്കേണ്ടവരുടെ കാര്യം കഷ്ടമായിരിക്കും. ഇതരസംസ്ഥാനങ്ങളിൽ പല സമുദായങ്ങളും ആചാര പ്രകാരം 13 വയസു കഴിഞ്ഞാൽ പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പതിവാണ്. എന്നാൽ, കേരളത്തിൽ വന്നാൽ പോക്സോ കേസിൽ അകപ്പെടുന്നത് വ്യാപകമായിരിക്കുകയാണ്.