ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽ നിന്നിറങ്ങിയ ഗൃഹനാഥൻ വളപട്ടണം പുഴയിൽ ചാടി
1589356
Friday, September 5, 2025 1:57 AM IST
കണ്ണൂർ: വളപട്ടണം പാലത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയ ഗൃഹനാഥൻ പുഴയിൽ ചാടി. കുടുംബാംഗങ്ങൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന കീച്ചേരി സ്വദേശി ഗോപിനാഥ (63) നാണ് പുഴയിൽ ചാടിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
ഹൈവേ പാലത്തി നടുത്ത് കാർ ട്രാഫിക് ജാമിൽ കുടുങ്ങിയപ്പോഴാണ് സംഭവം. ഈ സമയം ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കാറിലുണ്ടായിരുന്നു. അവർക്ക് തടയാൻ കഴിയുന്നതിന് മുന്പുതന്നെ ഗോപിനാഥ് പാലത്തിന്റെ കൈവരി മറികടന്ന് പുഴയിൽ ചാടുകയായിരുന്നു. വയറ്റിലെ അസുഖത്തിന് ചികിത്സ തുടരുന്ന ഗോപിനാഥൻ മാനസികമായി ഏറെ പ്രയാസത്തിലായിരുന്നുവെന്നു പറയുന്നു.
ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പുഴയിൽ ചാടിയത്. നേരത്തെ പ്രവാസിയായിരുന്ന ഗോപിനാഥൻ ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് ഫയർഫോഴ്സും വളപട്ടണം പോലിസും. കോസ്റ്റ് ഗോർഡും സ്ഥലത്തെത്തി രാത്രി വൈകും വരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ മലവെള്ളപ്പാച്ചിലും അടിയൊഴുക്കും തെരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് വീണ്ടും തെരച്ചിൽ പുനരാരംഭിക്കും.