മട്ടന്നൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സ് വരുന്നു
1589101
Thursday, September 4, 2025 1:50 AM IST
മട്ടന്നൂർ: മട്ടന്നൂരിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിന് കിഫ്ബിയിൽ നിന്നും 23 കോടി രൂപയുടെ ഡിപിആറിന് മന്ത്രിസഭാ യോഗം ഭരണാനുമതി നല്കി. മട്ടന്നൂർ നഗരസഭയിൽ അയ്യല്ലൂർ റോഡിൽ കനാലിന് സമീപം ഇറിഗേഷനിൽ നിന്ന് വിട്ടുകിട്ടിയ 3.90 ഏക്കർ ഭൂമിയിലാണ് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയവും പ്ലെയേഴ്സ് റൂമും അനുബന്ധ സൗകര്യങ്ങളുമാണ് ഉള്ളത്.
ബാസ്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ, ഫിറ്റ്നസ് സെന്റർ, 2600 ഓളം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയം എന്നിവ ഒന്നാംഘട്ടത്തിൽ നിർമിക്കും. രണ്ടാംഘട്ടത്തിൽ സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള അക്വാട്ടിക് കോംപ്ലക്സ് എന്നിവ നിർമിക്കും.
മട്ടന്നൂർ നിയോജക മണ്ഡലത്തിൽ കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായിക മേഖലയിൽ കൂടുതൽ വിദ്യാർഥികളെ കാര്യക്ഷമമായി പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളിസ്ഥലങ്ങളും കോച്ചിംഗ് സെന്ററുകളും ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി 2024ൽ തയാറാക്കി സമർപ്പിച്ച ഡിപിആറിനാണ് അംഗീകാരമായത്. വിമാനത്താവളം ഉൾപ്പെടെ സാധ്യതകൾ വിനിയോഗിച്ചു കായിക മേഖലയിലെ പ്രഗത്ഭരായ വ്യക്തികളെ ഉൾപ്പെടെ ഉപയോഗിച്ചു പരിശീലനം സംഘടിപ്പിക്കാൻ സ്പോർട്സ് കോംപ്ലക്സ് യാഥാർഥ്യമാകുന്നതിലൂടെ സാധിക്കുമെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു.