ഫീസ് വർധനയ്ക്കെതിരേ പ്രതിഷേധ ധർണ നടത്തി
1589603
Sunday, September 7, 2025 2:43 AM IST
പയ്യാവൂർ: കാഞ്ഞിരക്കൊല്ലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ വ്യൂപോയിന്റ് എന്നിവിടങ്ങളിലെ പ്രവേശന ഫീസ് 20 രൂപയായിരുന്നത് കഴിഞ്ഞവർഷം 50 രൂപയായും ഈ വർഷം വീണ്ടും 60 രൂപയായും ഉയർത്തിയതിനെതിരെ കോൺഗ്രസ് കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരക്കൊല്ലി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താതെ ഫീസ് വർധനമാത്രം നടപ്പാക്കുന്ന സർക്കാർ നടപടി ഉടൻ പിൻവലിക്കുക. അളകാപുരി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനകവാടം മുതൽ വെള്ളച്ചാട്ടംവരെയുള്ള 600 മീറ്റർ നടപ്പാത എത്രയും വേഗത്തിൽ കോൺക്രീറ്റ് ചെയ്ത് ഇരുവശങ്ങളിലും കൈവരി സ്ഥാപിക്കുക, വെള്ളച്ചാട്ടത്തിനു സമീപം കംഫർട്ട് സ്റ്റേഷൻ നിർമിക്കുക, കാഞ്ഞിരക്കൊല്ലി മുതൽ ശശിപ്പാറ വരെയുള്ള റോഡ് വീതികൂട്ടി ടാർ ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ധർണ നടത്തിയത്.
കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇ.കെ. കുര്യൻ ധർണ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷാജി കടൂക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.വി. ഫ്രാൻസിസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, കോൺഗ്രസ് പയ്യാവൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജേക്കബ് പനന്താനം, ഷാജി പാട്ടശേരിൽ, സൈമൺ തെരുവക്കുന്നേൽ, നേതാക്കളായ നോബിൾ പീറ്റർ, ബിനോയ് കണ്ടത്തുംകുടി, രജീഷ് അമ്പാട്ട്, സുരേഷ് കണ്ടങ്കരി, ചെറിയാൻ പാറയ്ക്കൽ, ജോസ് ആഞ്ഞിലത്തോപ്പിൽ എന്നിവർ പ്രസംഗിച്ചു.