മഴയിൽ കുതിരാത്ത ആവേശം; ഉത്രാടപ്പാച്ചിലിൽ തിരക്കിലമർന്ന് ഇരിട്ടി
1589367
Friday, September 5, 2025 1:58 AM IST
ഇരിട്ടി: തോരാത്ത മഴയ്ക്കും തളർത്താൻ കഴിയാത്ത ആവേശത്തോടെ ജനം ഓണം ആഘോഷമാക്കാൻ നഗരത്തിൽ ഇറങ്ങിയതോടെ ഉത്രാടത്തിരക്കിൽ ഇരിട്ടി നഗരം വീർപ്പുമുട്ടി.
കഴിഞ്ഞ ദിവസങ്ങളിലെ മഴയും കാറ്റും ഇരുണ്ട ആകാശവും വ്യാപാരികളുടെ മനസിലും ആശങ്കയുടെ കാർമേഘം നിറച്ചെങ്കിലും ഉത്രാടം ദിനമായ ഇന്നലെ ഇതൊന്നും ജനത്തിരക്കിനെ ബാധിച്ചില്ല.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും പൂക്കടകളിലുമാണ് വൻ തിരക്കനുഭവപ്പെട്ടത്. നഗരത്തിൽ ഇരുപതിലധികം ഇടങ്ങളിൽ പൂക്കച്ചവടം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴകാരണം കാര്യമായ വ്യാപാരം ഉണ്ടായിരുന്നില്ല. കാർഷിക മേഖലയിലെ മുരടിപ്പും നിർമാണ മേഖലയിലും ചെങ്കൽ, മറ്റു ഖനന മേഖലകളിലുമുണ്ടായ അനിശ്ചിതത്വവും ആവേശത്തിന് ചെറിയ ഇടിവുണ്ടാക്കി.
ഗതാഗതക്കുരുക്ക് അഴിക്കാൻ പോലീസ് നടത്തിയ ഇടപെടലുകളും ജനങ്ങൾക്ക് ആശ്വാസം പകർന്നു. ഗതാഗത നിയന്ത്രണത്തിനായി 25 പോലീസുകാരെയും നാല് മൊബൈൽ പട്രോളിംഗ് ടീമുകളെയും നഗരത്തിൽ നിയോഗിച്ചിരുന്നു.
മേലെ സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് വൺവേ റോഡ്, സിറ്റി സെന്റർ, പഴയ പോസ്റ്റ് ഓഫീസ് പരിസരം, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിലുണ്ടാകുന്ന ഗതാഗത തടസം നീക്കുന്നതിന് പാർക്കിംഗ് നിയന്ത്രണം ശക്തമാക്കി പോലീസ് പ്രതിരോധിച്ചു.