ആയിക്കര ആരോഗ്യമാതാ പള്ളി തിരുനാൾ തുടങ്ങി
1589610
Sunday, September 7, 2025 2:43 AM IST
കണ്ണൂർ: ആയിക്കര ഗവ. ഹോസ്പിറ്റലിന് സമീപമുള്ള പരിശുദ്ധ ആരോഗ്യ മാതാ പള്ളിയിലെ 13 വരെ നിണ്ടുനില്ക്കുന്ന തിരുനാളിന് തുടക്കമായി. ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ കൊടിയേറ്റി. തുടർന്ന് നടന്ന ജപമാലയ്ക്കും ആഘോഷമായ ദിവ്യബലിക്കും കണ്ണൂർ ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ആൻസിൽ പീറ്റർ, ഫാ. അബിൻരാജ് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ആരോഗ്യ മാതാവിനോടുളള നൊവേ നയും , നേർച്ച വിതരണവും ഉണ്ടായിരുന്നു. 12 വരെ ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
പരിശുദ്ധ കന്യക മറിയത്തിന്റെ ജനന തിരുനാൾ ദിനമായ എട്ടിന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ജപമാല, ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവയ്ക്ക് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യ കാർമികത്വം വഹിക്കും. അന്നേദിവസം കുട്ടികൾക്കുള്ള ചേറുണും, പാച്ചോർ വിതരണവും ഉണ്ടായിരിക്കും.
തുടർന്നുള്ള നൊവേന ദിവസങ്ങളിൽ ഫാ. തോംസൺ ആന്റണി, ഫാ. റോബിൻ ബാബു, ഫാ. എബി സെബാസ്റ്റ്യൻ, ഫാ. രാജു ക്രിസ്തുദാസ്, ഫാ. ജോയ് പൈനാടത്ത് എന്നിവർ മുഖ്യ കാർമികരായിരി ക്കും. പ്രധാന തിരുനാൾ ദിനമായ 13ന് രാവിലെ 10ന് ആഘോഷമായ സമൂഹ ബലിക്ക് മാനന്തവാടി അമലോത്ഭവ മാതാ പള്ളി വികാരി ഫാ. വില്യം രാജൻ മുഖ്യകാർമികനായിരിക്കും.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുളള വർണ ശബളമായ നഗര പ്രദക്ഷിണം ഉണ്ടായിരിക്കും. തുടർന്ന് നൊവേനയും പരിശുദ്ധ ദിവ്യ കാരുണ്യ ആശീർവാദവും ഊട്ടുനേർച്ചും ഉണ്ടായിരിക്കും. വൈകുന്നേരം ആറിന് കലാസന്ധ്യയോടെ തിരുനാൾ കൊടിയിറങ്ങും.