ശ്രീകണ്ഠപുരത്തെ ബ്രേക്ക് പോയ ടേക്ക് എ ബ്രേക്ക്
1589361
Friday, September 5, 2025 1:57 AM IST
ശ്രീകണ്ഠപുരം: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന യാത്രികർക്ക് വിശ്രമി ക്കുന്നതിനായി ശ്രീകണ്ഠപുരത്ത് സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം അധികൃത രുടെ അനാസ്ഥമൂലം നശിക്കുന്നു. കോട്ടൂർ പാലത്തോടു ചേർന്ന് റോഡിൽ നിന്നും താഴെമാറിയാണ് 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം ഉള്ളത്.
സൗന്ദര്യവത്കരണവും മറ്റും പൊടിപൊടിക്കുമ്പോഴാണ് വഴിയോര വിശ്രമ കേന്ദ്രം അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് ടൂറിസം വകുപ്പ് 2016ലാണ് ഇത് സ്ഥാപിച്ചത്. അന്ന് പ്രതിമാസം 18,000 രൂപയ്ക്ക് സ്ഥാപന നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് ഡിടിപിസി കരാർ നല്കി യെങ്കിലും നഗരസഭയും ഡിടിപിസിയും തമ്മിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തു.
ഒരുവർഷം നടത്തിയ ശേഷം കരാറുകാരൻ പൂട്ടിപ്പോകുകയും ചെയ്തു. അന്നു മുതൽ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം അനാഥമായി കിടക്കുകയാണ്. ഇതിനിടയില്‍ സ്ഥാപനം ഏറ്റെടുക്കാമെ ന്നും നാലുലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്താമെന്നും നഗരസഭ അറിയിച്ചിരുന്നു. എന്നാൽ, കെട്ടിടം നിർമിച്ച ഏജൻസിക്കു മാത്രമേ അറ്റകുറ്റപ്പണി നടത്താൻ കഴിയുകയുള്ളുവെന്ന് നഗരസഭ എൻജിനിയറിംഗ് വിഭാഗം അറിയിച്ചതിനെ തുടർന്ന് തീരുമാനം പാതിവഴിയിലായി.
നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ നിർമാണം നടത്തിയ ഏജൻസി അറ്റകുറ്റപ്പണിക്ക് തയാറായതുമില്ല. സംസ്ഥാനത്തുടനീളം ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള പദ്ധതി കഴിഞ്ഞ യുഡിഎഫ് ഭരണകാല ത്താണ് ആരംഭിച്ചത്.
ശൗചാലയം, കോഫി ഷോപ്പ്, എടിഎം, വിശ്രമമുറി എന്നിവ സ്ഥാപനത്തിൽ ആരംഭിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാല്‍, ശൗചാലയം മാത്രമാണ് ഇവിടെ തുറന്നത്. ആ കെട്ടിടവും നശിക്കുകയാണ്. നൂറു കണക്കിന് യാത്രികർ എത്തുന്ന ശ്രീകണ്ഠപുരം ടൗണിന് ടേക്ക് എ ബ്രേക്ക് ഇന്ന് നാണക്കേടായി മാറുകയാണ്. കോട്ടൂർ പാലത്തോട് ചേർന്ന് ടൗൺ സ്ക്വയറിൽ വല്ലപ്പോഴും മാത്രമാണ് പൊതുപരിപാടികൾ നടക്കുന്നത്. അതിനാൽ കരാർ എടുത്തവർക്കും ഗുണം ലഭിക്കില്ല. ദീർഘവീക്ഷണമില്ലാതെയുള്ള നിർമാണവും കേന്ദ്രത്തിന് തിരിച്ചടിയായി.