നായനാർമല ക്വാറിയിൽ മണ്ണിടിഞ്ഞു: ജനങ്ങൾ ഭീതിയിൽ
1589600
Sunday, September 7, 2025 2:43 AM IST
ചെമ്പന്തൊട്ടി: നയനാർ മലയിലെ കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിലുണ്ടായത് പരിസരവാസികളെ ഭീതിയിലാക്കി. ക്വാറി ഉടമകൾ മണ്ണിടിഞ്ഞത് മറയ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കുകയാണിപ്പോൾ.
മണ്ണിടിച്ചിൽ മൂലം ക്വാറിയുടെ താഴെ ഭാഗങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ അപകട ഭീഷണിയിലാണ് കഴിയുന്നത്.
ക്വാറി വിരുദ്ധ സമിതിയുടെ സമരത്തെ തുടർന്ന് പ്രവർത്തനം തടഞ്ഞിട്ടുള്ള ക്വാറി തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് നയനാർമല ക്വാറി വിരുദ്ധ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നയനാർ മലയിൽ പുതുതായി വീണ്ടും ക്വാറി തുടങ്ങാൻ ഒരു കാരണവശാലും അനുവദിക്കില്ലന്ന് ക്വാറി വിരുദ്ധ സമിതി മുഖ്യ രക്ഷാധികാരിയും ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരിയുമായ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, രക്ഷാധികാരിയും ശ്രീകണ്ഠപുരം നഗരസഭ കൗൺസിലറുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം. ഷംസീർ, ട്രഷർ രാജു വയലിൽ എന്നിവർ അറിയിച്ചു.