ഫീസ് വർധന ടൂറിസം മേഖലയെ തളർത്തും: സജീവ് ജോസഫ് എംഎൽഎ
1589365
Friday, September 5, 2025 1:57 AM IST
കാഞ്ഞിരക്കൊല്ലി: കാഞ്ഞിരക്കൊല്ലി ടൂറിസം വ്യൂ പോയിന്റിലെ പ്രവേശന ഫീസ് അടിക്കടി വർധിപ്പിക്കുന്ന സർക്കാർ നടപടി തികച്ചും ജനദ്രോഹപരമാണെന്നും അത് ടൂറിസം മേഖലയെ തളർത്തുമെന്നും സജീവ് ജോസഫ് എംഎൽഎ.
കോൺഗ്രസ് കാഞ്ഞിരക്കൊല്ലി രണ്ടാം വാർഡ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് പിച്ചവച്ച് തുടങ്ങിയ കാഞ്ഞിരക്കൊല്ലി പോലെയുള്ള മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ 20 രൂപയായിരുന്ന പ്രവേശന ഫീസ് 50 രൂപയായും ഇപ്പോൾ 60 രൂപയായും ഉയർത്തിയ സർക്കാർ നടപടി ഉടൻ പുനഃപരിശോധിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡന്റ് ഷാജി കടൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് എ.ജെ. ജോസഫ്, പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.വി. ഫ്രാൻസിസ്, ബൂത്ത് പ്രസിഡന്റ് നോബിൾ പീറ്റർ, ജോസ് ആഞ്ഞിലിത്തോപ്പിൽ എന്നിവർ പ്രസംഗിച്ചു.
പ്രവേശന ഫീസ് വർധനക്കെതിരെ കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 മുതൽ കാഞ്ഞിരക്കൊല്ലി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.