അനധികൃത കച്ചവടത്തിനെതിരേ വ്യാപാരികളുടെ പ്രതിഷേധം
1589362
Friday, September 5, 2025 1:57 AM IST
തളിപ്പറമ്പ്: ഓണക്കാല കച്ചവടം ഇല്ലാതാക്കുന്ന രീതിയിൽ തളിപ്പറമ്പ് നഗരത്തിൽ അനധികൃത കച്ചവടം നടത്താൻ നഗരസഭ കൂട്ടുനില്‍ക്കുന്നുവെന്ന് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു. നഗരസഭയുടെ വ്യാപാരി ദ്രോഹ നടപടി തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തു വരുമെന്നും നേതാക്കളായ കെ.എസ്. റിയാസും വി. താജുദ്ദീനും പറഞ്ഞു.
നഗരസഭ അനുമതി നല്‍കിയെന്ന പേരിൽ കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ വലിയ ടെന്റ്കെട്ടി നടത്തുന്ന തെരുവു കച്ചവടം വ്യാപാരികൾക്ക് തിരിച്ചടിയാണ്. ടെന്റ് മറഞ്ഞ് സ്ഥാപനം കാണാത്ത സാഹചര്യമാണ്.
ആളുകൾക്ക് സ്ഥാപനങ്ങളിലേക്ക് കയറാൻ പോലും സാധിക്കുന്നില്ല. ദേശീയപാതയിൽ കോഫി ഹൗസിന് സമീപം ടെന്റ് കെട്ടി പൂ വ്യാപാരം നടത്തുന്നതുമായി ബന്ധപെട്ട് അവിടെയുള്ള വ്യാപാരികൾ പരാതി പറഞ്ഞതിനെ തുടർന്ന് പോലിസിനെയും നഗരസഭ അധികൃതരേയും വിവരം അറിയിച്ചു. തുടർന്ന് പോലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടെന്റ് അഴിച്ചുമാറ്റി മറവ് ഒഴിവാക്കിയാണ് പൂ വ്യാപാരം പുനരാംരംഭിച്ചത്