ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾ നാളെ ആരംഭിക്കും
1590400
Wednesday, September 10, 2025 12:49 AM IST
മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ്ജ് കർമത്തിനു തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ ജില്ലയിൽ നാളെ ആരംഭിക്കും. തളിപ്പറമ്പ് പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് ഹജ്ജ് പഠന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി മെംബർ പി.പി. മുഹമ്മദ് റാഫി നിർവഹിക്കും. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നിസാർ അതിരകം അധ്യക്ഷത വഹിക്കും.
ഹജ്ജ് കമ്മിറ്റി മെംബർമാരായ ഒ.വി. ജാഫർ, ഷംസുദ്ദീൻ അറിഞ്ചിറ എന്നിവർ പ്രസംഗിക്കും. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ഹാജിമാർ പരിശീലനത്തിൽ പങ്കെടുക്കും. 14ന് കണ്ണൂർ, അഴിക്കോട് മണ്ഡലത്തിലെ ഹാജിമാർക്കുള്ള പരിശീലന ക്ലാസ് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിലും മട്ടന്നൂർ, പേരാവൂർ മണ്ഡലത്തിലെ ഹാജിമാർക്കുള്ള ക്ലാസ് മട്ടന്നൂർ കളറോട് മദ്രസ ഓഡിറ്റോറിയത്തിലും 20ന് കൂത്തുപറമ്പ് മണ്ഡലത്തിലെ ഹാജിമാർക്കുള്ള ക്ലാസുകൾ പാനൂർ കൈവേലിക്കൽ എംഇഎസ് സ്കൂളിലും തലശേരി, ധർമടം മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള ക്ലാസുകൾ തലശേരി ഓഡിറ്റോറിയത്തിലും നടക്കും.
ക്ലാസുകൾക്ക് ഹജ്ജ് ഫാക്കൽറ്റികളായ നിസാർ അതിരകം, സി.കെ. സുബൈർ ഹാജി, താജുദ്ദീൻ മട്ടന്നൂർ, ഗഫൂർ പുന്നാട് എന്നിവർ നേതൃത്വം നൽകും. ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് പുറമെ കാത്തിരിപ്പ് പട്ടികയിൽ ഒന്നു മുതൽ 6000 വരെയുള്ള അപേക്ഷകരും അതാതു മണ്ഡലങ്ങളിൽ പങ്കെടുക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.