ആത്മഹത്യാശ്രമം: യുവാവിനും മൂന്നു മക്കൾക്കും രക്ഷകരായി ബേക്കൽ ടൂറിസം പോലീസ്
1590384
Wednesday, September 10, 2025 12:49 AM IST
ബേക്കൽ: കടലിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനും മൂന്നു മക്കൾക്കും രക്ഷകരായി ബേക്കൽ ടൂറിസം പോലീസ്. കണ്ണൂർ ജില്ലക്കാരനായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് ഇസ്രയേലിലുള്ള ഭാര്യയെ ഇന്നലെ രാവിലെ വീഡിയോ കോൾ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ചശേഷം മക്കൾക്കൊപ്പം യാത്രതിരിച്ചത്. വിവരമറിഞ്ഞ് പരിഭ്രാന്തയായ ഭാര്യ ഉടൻതന്നെ കണ്ണൂർ ജില്ലയിലെ പോലീസിനെ വിളിച്ച് സഹായം തേടുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ ബേക്കൽ ഭാഗത്തുണ്ടെന്ന് വ്യക്തമായതോടെ ബേക്കൽ പോലീസിനെ വിവരമറിയിച്ചു.
ബേക്കൽ ഇൻസ്പെക്ടർ എം.വി.ശ്രീദാസിന്റെ നിർദേശപ്രകാരം ടൂറിസം പോലീസ് എഎസ്ഐ എം.എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉച്ചയോടെ ബേക്കൽ കോട്ടയുടെ പരിസരപ്രദേശങ്ങളിലും ബീച്ചിലും വ്യാപകമായ തെരച്ചിൽ നടത്തി.
ഇവരുടെ കാർ ആളൊഴിഞ്ഞ നിലയിൽ ബേക്കൽ കോട്ടയുടെ പരിസരത്ത് കണ്ടെത്തിയതോടെ ആശങ്കയേറി. എന്നാൽ തൊട്ടുപിന്നാലെ യുവാവിനെയും മക്കളെയും ബേക്കൽ റെഡ്മൂൺ ബീച്ചിൽ കണ്ടെത്തുകയായിരുന്നു. പതിനൊന്നും ഒൻപതും വയസുള്ള രണ്ട് ആൺകുട്ടികളും ആറു വയസുള്ള പെൺകുട്ടിയുമാണ് ഇവർക്കുള്ളത്. പോലീസുദ്യോഗസ്ഥർ യുവാവിനെ അനുനയിപ്പിച്ച് ബേക്കൽ സ്റ്റേഷനിലെത്തിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി. കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കും.