വെളിയമ്പ്രയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
1590154
Tuesday, September 9, 2025 1:47 AM IST
മട്ടന്നൂർ: വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് പറശിനിക്കടവിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റ്യാടി വളയം നരിക്കോട്ടും ചാലിൽ കണ്ടോത്ത് വീട്ടിൽ ഖലീലിന്റെ മകൾ ഇർഫാനയുടെ(19) മൃതദേഹമാണ് പറശിനിക്കടവ് ബോട്ട് ജെട്ടിക്ക് സമീപത്ത് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇർഫാന എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഓണാവധിക്ക് ഉമ്മയുടെ വെളിയമ്പ്രയിലെ വീട്ടിലെത്തിയതായിരുന്നു.
ബന്ധുക്കൾക്കൊപ്പം കുളിക്കാനായി ഇറങ്ങുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയും ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടിരുന്നു. മൂന്നു ദിവസമായി പുഴയിൽ അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിംഗ് ടീമിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ പറശിനിക്കടവ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. ഇർഫാന ഒഴുക്കിൽപ്പെടുമ്പോൾ പഴശി ഡാമിന്റെ ഷട്ടറുകൾ തുറന്ന നിലയിലായിരുന്നു.
അതിനാൽ പുഴയിലുണ്ടായ ശക്തമായ ഒഴുക്ക് കാരണമാണ് മൃതദേഹം പറശിനിയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. പറശിനി റസ്റ്ററന്റിലെ ജീവനക്കാരാണ് പുഴയിൽ മൃതദേഹം കണ്ടത്. തുടർന്ന് തളിപ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടെ വെളിയമ്പ്രയിൽ ഒഴുക്കിൽപ്പെട്ട ഇർഫാനയുടെ മൃതദേഹമാണ് ഇതെന്ന സംശയത്തെത്തുടർന്ന് മട്ടന്നൂർ പോലീസിനെയും വിവരമറിയിച്ചു.
എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസും സ്ഥലത്തെത്തി. ഇർഫാനയുടെ ബന്ധുക്കൾ പറശിനിക്കടവിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഖലീൽ-സമീറ ദമ്പതികളുടെ ഏക മകളാണ് ഇർഫാന. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്നു ഏളന്നൂരിലെത്തിച്ച മൃതദേഹം മദ്രസ പരിസരത്ത് പൊതുദർശനത്തിന് വച്ച ശേഷം കുറ്റ്യാടിയിലേക്ക് കൊണ്ടുപോയി.