വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് കോൺഗ്രസ്
1590398
Wednesday, September 10, 2025 12:49 AM IST
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി നേതാക്കൾ. വാർഡുകളുടെ അതിരുകൾ ആരുമറിയാതെ മാറ്റം വരുത്തിയാണ് 11, 14 വാർഡുകളിലെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ഡിസിസി അംഗം സണ്ണി മേച്ചേരി, പഞ്ചായത്തംഗങ്ങളായ ജോജൻ എടത്താഴെ, ലിസമ്മ ജോയിക്കുട്ടി, സുരേഖ സജി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
15 ദിവസം മുന്പ് സർവ കക്ഷി യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായ രീതിയിലാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചപ്പോൾ മുന്പ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് കാര്യങ്ങൾ ചെയ്തതെന്നും തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് സെക്രട്ടറി പുലർത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇതു സംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകും. പരിശോധന നടത്താതെയും സർവ കക്ഷി യോഗത്തിലെ സമവായത്തിന് വിരുദ്ധമായും എടുത്ത നടപടികൾ പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.