മൈസൂരുവിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനിയായ നാലുവയസുകാരി മരിച്ചു
1590043
Monday, September 8, 2025 10:07 PM IST
മയ്യിൽ: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മയ്യിൽ സ്വദേശിനിയായ നാലു വയസുകാരി മരിച്ചു.
മയ്യിൽ ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ഉൾപ്പെടുന്ന ഐടിഎം കോളജ് ചെയർമാനും മയ്യിലിലെ വ്യാപാരിയുമായ എട്ടേയാറിലെ പി.പി.സിദ്ദിഖ്-മുണ്ടേരി പടന്നോട്ടെ സബീന ദമ്പതികളുടെ മകൾ ഐസ മറിയമാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ബംഗളൂരു-മൈസൂരു ദേശീയപാതയിൽ രാമനഗരിക്ക് സമീപം ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. സിദ്ദിഖ് മുണ്ടേരിയിൽ നിർമിച്ച പുതിയ വീട്ടിന്റെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട് വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാനായി ബംഗളൂരുവിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.
ഐസ മറിയത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറിൽ സിദ്ദിഖ്-സബീന ദന്പതികൾക്കു പുറമെ ഇവരുടെ കുടുംബസൃഹുത്തായ നാസർ, ജുനൈദ് എന്നിവരുമുണ്ടായിരുന്നു.
സാരമായി പരിക്കേറ്റ ജുനൈദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവർ ഐസ മറിയത്തിന്റെ സഹോദരങ്ങളാണ്. ഐസ മറിയത്തിന്റെ കബറടക്കം മുണ്ടേരി പറാൽ കബർ സ്ഥാനിൽ നടന്നു.