കുഴൽക്കിണർ അടച്ചുപൂട്ടി: 12 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
1590160
Tuesday, September 9, 2025 1:47 AM IST
നടുവിൽ: നടുവിൽ പഞ്ചായത്തിലെ 12 ഓളം കുടുംബങ്ങളെ പഞ്ചായത്ത് അധികൃതർ കുടിവെള്ളംകുടി മുട്ടിച്ചതായി പരാതി. കുഴൽക്കിണറിന്റെ ഹാൻഡ് പമ്പ് അഴിച്ചുമാറ്റി വെള്ളം എടുക്കാൻ പറ്റാത്ത തരത്തിൽ അടച്ചു സീൽ ചെയ്തതിനെ തുടർന്നാണ് കുടുംബങ്ങൾ ദുരിതത്തിലായത്.
നടുവിൽ പഞ്ചായത്തിലെ പത്താം വാർഡിൽ കൈതളം-പുല്ലംവനം റോഡരികിൽ 10 വർഷത്തിലധികമായി നാട്ടുകാർ ഉപയോഗിച്ചുപോന്നതും സുലഭമായി വെള്ളം ലഭിക്കുന്നതുമായ കിണറാണ് പഞ്ചായത്ത് അധികൃതൽ അടച്ചുപൂട്ടിയത്.
ഹാൻഡ് പമ്പ് അടിച്ച് വെള്ളം എടുക്കുന്നതിനുള്ള പ്രയാസം പരിഹരിച്ച് മോട്ടറും ടാങ്കും സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കാനായി സമീപവാസികളായ നാട്ടുകാർ പഞ്ചായത്ത് അംഗത്തോട് അഭ്യർഥിച്ചിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ നിർദേശപ്രകാരം കുഴൽക്കിണറിനു സമീപത്തെ താമസക്കാരനായ മാത്യു കാവിൻപുരയിടത്തിൽ ഒരുസെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിനു രജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ വാർഡ് അംഗത്തിന്റെ സാന്നിധ്യത്തിൽ പുതിയ കുഴൽക്കിണർ കൂടി നിർമിക്കുകയുണ്ടായി. എന്നാൽ, പുതിയ കിണറിൽ വെള്ളം ലഭിക്കാതെ ഉപേക്ഷിച്ച നിലയിലാണ്. വെള്ളം എടുത്തു കൊണ്ടിരുന്ന കുഴൽക്കിണറിന്റെ ഹാൻഡ് പമ്പ് അഴിച്ചുമാറ്റി അടച്ചു സീൽ ചെയ്തതിനാൽ കുടിവെള്ളം മുട്ടുകയും ചെയ്തു. കുഴൽക്കിണറിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾ ആറുമാസത്തോളമായി മലമുകളിലെ അരുവിയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
ഇതേത്തുടർന്ന് പൊതുപ്രവർത്തകനായ ബെന്നി മുട്ടത്തിൽ നടുവിൽ പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. പഞ്ചായത്ത് ഹാൻഡ് പമ്പ് അഴിച്ചുമാറ്റി സീൽ ചെയ്തിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച സംഭവത്തിൽ നടത്തിയ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബെന്നി കണ്ണൂർ വിജിലൻസിന് പരാതി നൽകി.