ചെമ്പന്തൊട്ടിയിൽ പുതിയപാലം പണി ഊർജിതം; കൊക്കായിയിൽ പാലം നിർമാണം ഉടൻ
1590162
Tuesday, September 9, 2025 1:47 AM IST
ചെമ്പന്തൊട്ടി: നടുവിൽ-ചെമ്പന്തൊട്ടി-ശ്രീകണ്ഠപുരം റോഡ് പ്രവൃത്തിയുടെ ഭാഗമായി ചെമ്പന്തൊ ട്ടിയിൽ പുതിയപാലം പണി ഊർജിതം. പഴയപാലം പൊളിച്ചു മാറ്റി താത്കാലിക മാർഗം ഒരുക്കിയാണ് പുതിയ പാലത്തിന്റെ പ്രവൃത്തി നടക്കുന്നത്. അപ്രോച്ച് റോഡിനുള്ള പ്രവൃത്തികളാണ് ഈ ഭാഗത്ത് പുരോഗമിക്കുന്നത്.
കിഫ്ബി പദ്ധതിയിലാണ് പുതിയപാലം പണിയുന്നത്. രണ്ടു പാലങ്ങളാണ് കിഫ്ബി പദ്ധതിയിൽ ഈ റോഡിൽ പണിയേണ്ടത്. ചെമ്പന്തൊട്ടിയിലും, കൊക്കായിയിലും. ചെമ്പന്തൊട്ടി പാലത്തിന്റെ കോൺ ക്രീറ്റ് നടപടികൾ പൂർത്തിയായി. കൊക്കായി പാലം പൊളിച്ച് പുനർനിർമിക്കാനായി സമീപത്ത് ബദൽപാത ഒരുക്കിയിട്ടുണ്ട്. നിർദിഷ്ട റോഡിൽ ചെന്പന്തൊട്ടി ടൗൺ ഉൾപ്പെടെ പ്രധാന ഭാഗങ്ങളിൽ ആദ്യഘട്ടം ടാറിംഗ് നടത്തി. പള്ളിത്തട്ട് ഭാഗത്ത് പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മഴക്കാലത്തിനകം പ്രധാന പണികളെല്ലാം പൂർത്തിയാക്കാനാണ് തീരുമാനിച്ചതെങ്കിലും മഴ പ്രവൃത്തികളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. 9.7 കിലോമീറ്റർ റോഡ് ഒന്പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തിയാണ് വികസിപ്പിക്കുന്നത്. റോഡുപണി വേഗത്തിലാക്കാൻ സജീവ് ജോസഫ് എംഎൽഎ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും നിർദേശം നല്കി. റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തിലാണ് എംഎൽഎ ഈ നിർദേശം നല്കിയത്.