ആറളം ഫാം തോട്ടത്തിൽ പൂക്കൾ വിരിഞ്ഞില്ല; ലക്ഷങ്ങളുടെ നഷ്ടം
1590385
Wednesday, September 10, 2025 12:49 AM IST
ഇരിട്ടി: ഓണവിപണിയും ഫാം ടൂറിസവും ലക്ഷ്യമിട്ട് ആറളം ഫാമിൽ ഏഴ് ഏക്കറിൽ നടത്തിയ പൂകൃഷിയെ കാലാവസ്ഥ ചതിച്ചു. മഴ വില്ലനായതിനെ തുടർന്ന് പൂപ്പാടത്തിലെ ചെടികൾ പൂവിട്ടില്ല. ബ്ലോക്ക് എട്ടിൽ അണുങ്ങോട് സെക്ടറിൽ കഴിഞ്ഞ വർഷം പൂക്കൃഷി നടത്തിയിടത്ത് കൂടുതൽ ഏക്കറിലായി ഇത്തവണ വ്യാപിപ്പിച്ച കൃഷിക്കാണ് കാലാവസ്ഥ വില്ലനായത്.
ചെണ്ടുമല്ലി, വിവിധ നിറങ്ങളിലെ ജമന്തി, വാടാമല്ലി എന്നിവയായിരുന്നു കൃഷി ചെയ്തത്. നേരത്തെ എത്തിയ മഴ ആദ്യം തന്നെ ആശങ്ക പരത്തിയെങ്കിലും ഓണത്തോടുപ്പിച്ച് മഴ മാറിനിന്നത് പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും വിഫലമായി.
ഏതാണ്ട് മൂന്ന് ഏക്കറിൽ നടത്തിയ ചെണ്ടുമല്ലിയും രണ്ടേക്കറിലെ ജമന്തിയും രോഗങ്ങളാലും മറ്റും പൂവിടാതെ വന്നതോടെ ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. കഴിഞ്ഞ വർഷം മൂന്ന് ഏക്കറിലെ പൂക്കൃഷിയിലൂടെ രണ്ട് ലക്ഷത്തിലേറെ രൂപ ലഭിച്ചിരുന്നിടത്താണ് ഇത്തവണ കനത്ത നഷ്ടം സംഭവിച്ചത്. ചിലയിടങ്ങളിൽ പൂക്കളുണ്ടായെങ്കിലും കനത്ത മഴ വിളവെടുപ്പ് പ്രതിസന്ധിയിലാക്കി. ഓണത്തിന് അടുത്ത രണ്ടുദിവസം മാത്രമാണ് വിളവെടുപ്പ് നടത്തിയത്.
ഫാം ടൂറിസത്തെയും ബാധിച്ചു
കഴിഞ്ഞ വർഷം ഓണം സീസണിൽ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കൾ കാണാൻ ജില്ലയ്ക്കകത്ത് നിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് പൂപ്പാടങ്ങളെത്തിയിരുന്നത്. ഇത്തവണ പൂക്കളില്ലാത്തതിനാൽ സഞ്ചാരികളുടെ വരവും ഉണ്ടായില്ല. കഴിഞ്ഞ വർഷം സന്ദർശകർക്ക് ടിക്കറ്റ് ഏർപ്പെടുത്തി ഫോട്ടോ എടുക്കാനുള്ള സൗകര്യം ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു. സന്ദർശകരുടെ നല്ല പ്രതികരണം ലഭിച്ചതോടെ ഇത്തവണ കൂടുതൽ സൗകര്യങ്ങളും പൂക്കളും ഒരുക്കി ആറളം ഫാം മാനേജ്മെന്റ് ഫാം ടൂറിസത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചിരുന്നു. ഇത്തവണ ഉത്പാദന ചെലവിന്റെ തുക കണ്ടെത്താൻ പോലും പൃക്കൃഷിക്കായിട്ടില്ല.
ഇനിയുള്ള പ്രതീക്ഷ
നവരാത്രിയിൽ
ഓണവിപണി നഷ്ടപ്പെട്ടതോടെ നവരാത്രിക്കാലത്തെ ആഘോഷത്തിന് പൂക്കളെത്തിച്ചു നൽകാമെന്ന പ്രതീക്ഷയിലാണ് ആറളം ഫാം മാനേജ്മെന്റ്. വിജയദശമി വരെ ചെടികൾ സംരക്ഷിച്ച് നിർത്തി പൂക്കൃഷിയിലൂടെ നഷ്ടം നികത്താനുള്ള നടപടികളാണ്. നവരാത്രിക്കാലത്ത് പൂക്കൾക്ക് ആവശ്യക്കാരുണ്ടാകുമെന്നതിനാൽ അതുവരെ ചെടികളെ സംരക്ഷിച്ച് പൂക്കളുടെ വിളവെടുപ്പ് നടത്താനും സന്ദർശകരെ ആകർഷിക്കാനുമുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്ന് ഫാം മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ് പറഞ്ഞു. നവരാത്രികാലം കഴിഞ്ഞാലെ പൂക്കൃഷി സംബന്ധിച്ച കണക്കുകൾ വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.