കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചു; സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതരം
1590403
Wednesday, September 10, 2025 12:49 AM IST
കണ്ണൂര്‍: പെട്രോള്‍ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് കാറിലും ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
കണ്ണൂർ സ്വദേശിനി റജീനയ്ക്കാണ് (36) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ എൽഐസി ഓഫീസിനു സമീപത്തെ പന്പിലായിരുന്നു അപകടം. പള്ളിക്കുന്നിലെ മോഹന കൃഷ്ണൻ എന്നയാൾ ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് അപകടത്തിനിടയാക്കിയത്. കാർ സ്കൂട്ടറിൽ ഇന്ധനം നിറക്കുകയായിരുന്ന യുവതിയെ ഇടിച്ചു തെറിപ്പിച്ച ശേഷം പമ്പിലെത്തിയ ചെക്കിക്കുളം സ്വദേശിയായ ഗണേശന്റെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. ഗണേശന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തിനിടെ പെട്രോള്‍ പമ്പിലെ ഇന്ധനം നിറക്കുന്ന നോസിൽ തകർന്നു വീണു. അപകടത്തിൽ പ്രെട്രോള്‍ പമ്പിലെ ജീവനക്കാരന് അഞ്ചാംപീടികയിലെ കെ. അശോകന് കൈക്ക് പരിക്കേറ്റു. കണ്ണൂര്‍ ടൗണ്‍ പോലീസും ട്രാഫിക്ക് പോലീസും സ്ഥലത്തെതിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയത്.