കെവിവിഇഎസ് പയ്യാവൂർ യൂണിറ്റ് വാർഷിക ജനറൽബോഡി
1590391
Wednesday, September 10, 2025 12:49 AM IST
പയ്യാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (കെവിവിഇഎസ്) പയ്യാവൂർ യൂണിറ്റ് വാർഷിക ജനറൽബോഡി പയ്യാവൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത് യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ സുഖ ദുഃഖങ്ങളിൽ ഒത്തൊരുമയോടെ ചേർന്നുനിൽക്കുന്ന പ്രസ്ഥാനമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെന്നും ഓൺലൈൻ വ്യാപാരങ്ങൾ വർധിച്ചുവരുന്നത് ചെറുകിട വ്യാപാര മേഖലയെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. ജോസുകുട്ടി കുര്യൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.വി. പ്രകാശൻ വരവുചെലവ് കണക്കും പി.വി. രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
രജിസ്റ്റർ ചെയ്ത മെംബർമാരെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ അഞ്ചുപേർക്ക് സമ്മാനങ്ങളും നൽകി. ജില്ലാ സെക്രട്ടേറിയറ്റ് മെംബർ കെ.പി. അയ്യൂബ്, പയ്യാവൂർ എസ്ഐ പി.പി. പ്രഭാകരൻ, പയ്യാവൂർ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ. സുരേഷ്കുമാർ, ജില്ല ട്രഷറർ എം.പി. തിലകൻ, മേഖല പ്രസിഡന്റ് ജോർജ് തോണിയ്ക്കൽ, മേഖല ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, ജോയി പുന്നശേരിമലയിൽ, ബെന്നി പുളിയ്ക്കൽ, ബെന്നി മാത്യു, സ്കറിയ പൂവന്നിക്കുന്നേൽ, ആന്റണി പള്ളിപ്പുറത്ത്, കെ.സി. അബ്ദുള്ള, ഷൈജു തോമസ്, അബ്ദുൾ ഖാദർ ഹാജി എന്നിവർ പ്രസംഗിച്ചു.
വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ, പയ്യാവൂർ ടൗണിലെ വ്യാപാരിയായ പോപ്പുലർ തോമസ്കുട്ടിയുടെ മകൻ ഡോ. തോമസ് തോമസ്, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ച പയ്യാവൂർ പോലീസ് സബ് ഇൻസ്പെക്ടർ പി.പി. പ്രഭാകരൻ, സിവിൽ പോലീസ് ഓഫീസർ കെ. രജീഷ്, ബാല നടനുള്ള ഈ വർഷത്തെ അവാർഡ് നേടിയ നീരജ് കൃഷ്ണ എന്നിവരെ സജീവ് ജോസഫ് എംഎൽഎ ആദരിച്ചു. ദീർഘകാലം പയ്യാവൂർ ടൗണിൽ ചുമട്ടുതൊഴിലാളിയായി ജോലിയിൽനിന്ന് വിമരിച്ച ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി. സ്നേഹ വിരുന്നും നടന്നു.