വീണ്ടും വില്ലനായി ഷവര്‍മ; 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
1590383
Wednesday, September 10, 2025 12:49 AM IST
ബേക്കല്‍: പള്ളിക്കര പൂച്ചക്കാട് ഷവര്‍മ കഴിച്ച 14 മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തെക്കേപ്പുറം മിസ്ബാഹുല്‍ ഉലൂം മദ്രസയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവിടെ നബിദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ നടക്കുകയായിരുന്നു.
ഇവര്‍ക്ക് ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഭക്ഷണം തികയാതെ വന്നപ്പോള്‍ 15 കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍ നിന്ന് ഷവര്‍മ വാങ്ങി നല്കി. ഇതുകഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. രാത്രി തന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷവര്‍മയ്ക്ക് ദുര്‍ഗന്ധമുണ്ടായിരുന്നതായും കുറച്ചു കഴിച്ചശേഷം കളഞ്ഞതായും ചികിത്സ തേടിയ പതിമൂന്നുകാരി പറഞ്ഞു.
സംഭവമറിഞ്ഞ് ആളുകള്‍ ഹോട്ടലിന് തടിച്ചുകൂടിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. മുഹമ്മദ് അഷ്റഫും ജാഫര്‍ പൂച്ചക്കാടുമാണ് ഹോട്ടല്‍ നടത്തുന്നത്. മുമ്പ് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടർന്ന് ഷവര്‍മ ഉണ്ടാക്കുന്നത് നിര്ത്തിവച്ചിരിക്കുകയായിരുന്നെന്നും തിരുവോണനാളിലാണ് വീണ്ടും ഷവര്‍മ ഉണ്ടാക്കാന്‍ തുടങ്ങിയതെന്നും അതിനാല്‍ പഴകിയ ഇറച്ചിയാണെന്ന ആക്ഷേപം ശരിയല്ലെന്നും ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.