ജോസ് ഗിരിയിൽ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന
1590161
Tuesday, September 9, 2025 1:47 AM IST
ചെറുപുഴ: ഈച്ചകൾ ക്രമാതീതമായി പെരുകുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ചെറുപുഴ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജോസ്ഗിരിയിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. കോഴി, പന്നിഫാമുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങളിൽ ചിലത് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഫാമുകളും കടയുമുൾപ്പെടെ നാല് സ്ഥാപനങ്ങളിൽ നിന്നായി 30,000 രൂപ പിഴയീടാക്കി. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ജോസ്ഗിരി ടൗണിന് സമീപം ഈച്ചകൾ പെരുകിയതായി പരിശോധനാ സംഘം വിലയിരുത്തി. ഈച്ചകളെ നിയന്ത്രിക്കാൻ മരുന്ന് തളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ശരീഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജോബിൻ, സ്ഥിരം സമിതി അംഗങ്ങളായ എം. ബാലകൃഷ്ണൻ, ഷാന്റി കലാധരൻ എന്നിവർ പരിശോധനയക്ക് നേതൃത്വം നൽകി.