യുഡിഎഫിനെതിരായ പൊതുവികാരത്തെ മറികടക്കാന്‍ എല്‍ഡിഎഫിനെതിരെ മാധ്യമവേട്ട: ഇ.പി. ജയരാജൻ
1590382
Wednesday, September 10, 2025 12:49 AM IST
കണ്ണൂർ: യുഡിഎഫിന് എതിരായി ഉയര്‍ന്നുവന്ന പൊതുവികാരത്തെ മറികടക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് എല്‍ഡിഎഫിനെതിരായി മാധ്യമവേട്ട നടത്തുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. ചടയന്‍ ഗോവിന്ദന് ചരമവാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ക്രിമിനലുകളും സ്ത്രീപീഡകരുമായി മാറി. ഇതൊക്കെ പുറത്തുവന്നതോടെ ഇടതുപക്ഷത്തിന് കേരള രാഷ്ട്രീയത്തില്‍ ഒന്നുകൂടി പ്രസക്തികൂടി. ആ പ്രസക്തിയെ തകര്‍ക്കാന്‍ യുഡിഎഫിനെതിരായ വികാരത്തെ ഇല്ലാതാക്കാനാണ് മാധ്യമവേട്ട നടത്തുന്നത്. അത്തരത്തിലാണ് ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന വാര്‍ത്തകള്‍.
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രദേശിക നേതാവിന് നേരിടേണ്ടിവന്ന കസ്റ്റഡി മര്‍ദനം രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ആ നേതാവ് എവിടെയും പരാതി നല്‍കിയിട്ടില്ല.
കെപിസിസി പ്രസിഡന്റോ തൃശൂര്‍ ഡിസിസിയോ വിഷയത്തില്‍ പരാതി നല്കാന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നാലു പോലീസുകാരെയും സസ്പെൻഡ് ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കുറ്റക്കാരായ 116 പോലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്.
പിരിച്ചുവിടാന്‍ നിയമങ്ങളും ചട്ടങ്ങളും പാലിച്ചെ പറ്റു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തെ പോലീസ് അതിക്രമം എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമ സത്യസന്ധതയാണെന്ന് ഇ.പി. ചോദിച്ചു. സമര്‍ഥരായ പോലീസ് സേനായാണ് കേരളത്തിലേത്. സര്‍ക്കാരിന്റെ പോലീസ് നയത്തിന് വ്യത്യസ്തമായി ആര് പ്രവര്‍ത്തിച്ചാലും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഇ.പി ജയരാജന് പറഞ്ഞു.