സംസ്ഥാന അംഗീകാരത്തിന്റെ നിറവിൽ അധ്യാപകർ
1590152
Tuesday, September 9, 2025 1:47 AM IST
ശാസ്ത്രവിശാരദൻ
വി.കെ. സജിത്കുമാർ
മട്ടന്നൂർ: അധ്യാപന രംഗത്ത് കാൽനൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന വി.കെ.സജിത്കുമാറിന് അർഹതയ്ക്കുള്ള അംഗീകാരമായി സംസ്ഥാന പുരസ്കാരം. മട്ടന്നൂർ നഗരമധ്യത്തിലുള്ള മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്കൂളിലെ അധ്യാപകനായ സജിത്ത് കുമാർ വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.
ജില്ലയിലെ ആദ്യ ശാസ്ത്രലാബ് സ്ഥാപിച്ചത് മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യുപി സ്കൂളിലാണ്. സയൻസ് പാർക്കിന്റെ സംസ്ഥാന റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ച അദ്ദേഹം ശാസ്ത്രസംബന്ധിയായ ആറു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1998 മുതൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ സ്കൂളുകളിൽ പ്രൈമറി അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. സർവശിക്ഷാ അഭിയാനിൽ അഞ്ചു വർഷം ട്രെയിനറായും പ്രവർത്തിച്ചു.
അവാർഡ് വ്യക്തിഗത നേട്ടമല്ലെന്നും സ്കൂളിന് ലഭിച്ച അംഗീകാരമാണെന്നും സജിത്കുമാർ പറഞ്ഞു. മാടത്തിയിൽ എൽപി സ്കൂൾ അധ്യാപികയായ അഞ്ജനയാണ് ഭാര്യ. ദയ, ധ്യാൻജിത്ത് എന്നിവർ മക്കളാണ്.
നാടകക്കാരനായ മാഷിന്റെ
സിനിമാക്കഥയ്ക്ക് പുരസ്കാരം
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള അധ്യാപക സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നാടകകൃത്തും കോട്ടിക്കുളം ഗവ.യുപി സ്കൂളിലെ മുഖ്യാധ്യാപകനുമായ പ്രകാശന് കരിവെള്ളൂര്‍ അര്‍ഹനായി.
വൈജ്ഞാനിക സാഹിത്യവിഭാഗത്തില്‍ ഇദ്ദേഹത്തിന്റെ സിനിമാക്കഥ എന്ന പുസ്തകമാണ് പുരസ്കാരത്തിന് അര്‍ഹമായത്. സിനിമയുടെ ഉത്പത്തിയും വികാസപരിണാമങ്ങളും ഒരു കഥ പോലെ അവതരിപ്പിക്കുന്ന കൃതിയില്‍ സിനിമയുടെ കഥയോടൊപ്പം ലോകപ്രശസ്ത സിനിമാക്കാരുടെ ജീവിതകഥയും ഇന്ത്യന്‍ സിനിമയുടെയും മലയാള സിനിമയുടെയും വളര്‍ച്ചയും പ്രതിപാദിക്കുന്നു.
35 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രകാശന് കരിവെള്ളൂരിന് നിരവധി അവാര്‍ഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ വിനീത പയ്യന്നൂര്‍ ചിന്മയ വിദ്യാലയയിലെ അധ്യാപികയാണ്. മക്കള്‍ ഭഗത്തും മിഴിയും പിജി വിദ്യാര്‍ഥികളാണ്.
പ്രവൃത്തിപരിചയ മേളകളിലെ
അധ്യാപക താരം
കുറ്റിക്കോൽ: 35 വർഷത്തെ സർവീസിനിടയിൽ ഒട്ടനവധി കുട്ടികളെ പ്രവൃത്തിപരിചയ മേളകളിൽ സമ്മാനങ്ങൾ നേടാൻ പ്രാപ്തരാക്കിയ കുറ്റിക്കോൽ എയുപി സ്കൂളിലെ എൽപി വിഭാഗം അധ്യാപിക കെ.വനജകുമാരിക്ക് വിരമിക്കൽ വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡിന്റെ തിളക്കം. ചിത്രകലയും കരകൗശലവിദ്യകളും ഏറെ ഇഷ്ടപ്പെടുന്ന വനജകുമാരി അതേ താത്പര്യത്തോടെയാണ് തന്റെ മുന്നിലെത്തുന്ന ഓരോ കുട്ടിയുടേയും കഴിവുകൾ മനസിലാക്കി അവരെ വിദ്യകൾ പഠിപ്പിച്ചത്.
ഗോത്രവർഗമേഖലയിലെ കുട്ടികൾക്കായുള്ള പ്രത്യേക പഠനകേന്ദ്രങ്ങളിൽ പ്രതിഫലമൊന്നും വാങ്ങാതെ ക്ലാസെടുക്കാനും വനജകുമാരി സമയം കണ്ടെത്തുന്നു. ഭർത്താവ് എ.ഗോപാലകൃഷ്ണൻ കുണ്ടംകുഴി സ്കൂളിൽ അധ്യാപകനായി 2020 ൽ വിരമിച്ചതാണ്.
ജിയോ ടെക്നോളജിയിൽ എംടെക് പൂർത്തിയാക്കിയ മകൾ അനഘയും ഭർത്താവ് ഹരിപ്രസാദും വിദേശത്ത് ജോലിചെയ്യുന്നു. മകൻ അചിന്ത് ഈ വർഷം ഓട്ടോമൊബൈൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
എഴുത്തിലും പ്രഭാഷണകലയിലും
പി.എം. സജിത്കുമാർ
കൂത്തുപറമ്പ്: സംസ്ഥാന അധ്യാപക പുരസ്കാര നേട്ടവുമായി ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.എം. സജിത്കുമാർ. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സജിത്കുമാർ 18 വർഷമായി ആയിത്തറ മമ്പറത്ത് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനായി ജോലി ചെയ്തുവരികയാണ്. എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലും സജീവമാണ്. കെഎസ്ടിഎ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കുത്തുപറമ്പ് മേഖലാ പ്രസിഡന്റ്, കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരികയാണ്.
എച്ച്എസ്ടി ആയി ആദ്യ നിയമനം ലഭിച്ച ആയിത്തറ മമ്പറത്ത് തന്നെ കുടുംബ സമേതം താമസിച്ച് സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് സംസ്ഥാന പുരസ്കാരം തേടിയെത്തിയത്. പി.ടി. സജിതയാണ് ഭാര്യ. കതിരൂർ വിഎച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിനിയായ ശ്രാവണ ജ്യോത്സ്ന, ആയിത്തറ മമ്പറം ജിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി സ്നിഗ്ധ കൽഹാർ എന്നിവർ മക്കളാണ്. പരേതനായ നാരായണൻ നായർ- ദേവിയമ്മ ദന്പതികളുടെ മകനാണ്.