കേളകത്ത് വീട്ടുനന്പറിലില്ലാതെയും വോട്ടർ; വോട്ട് ചോരിയെന്ന് കോൺഗ്രസ്
1590166
Tuesday, September 9, 2025 1:47 AM IST
കേളകം: വീട്ടുനമ്പർ പോലുമില്ലാത്ത ആളെ പോലും വോട്ടറാക്കി പട്ടികയിൽ സിപിഎം വ്യാപക ക്രമക്കേട് നടത്തിയെന്ന് കോൺഗ്രസ് നേതാക്കൾ. കേളകത്തും വോട്ട് ചോരി ആവർത്തിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലാണ് ക്രമക്കേട് നടന്നതെന്ന് ഇവർ പറഞ്ഞു.
കേളകം പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസക്കാരനായി പുതുതായി വോട്ട് ചേർത്തിട്ടുള്ള വോട്ടറുടെ വീട്ടുനമ്പർ സീറോ ആണ് 8/000 എന്നാണ് ഇദ്ദേഹത്തിന്റെ ക്രമനമ്പറിൽ ചേർത്തിരിക്കുന്നത്. സാധാരണഗതിയിൽ വാർഡ് നമ്പറും വീട്ടു നമ്പറും ചേർത്താണ് വോട്ടർ പട്ടികയിൽ പേരുണ്ടാകുക. അതുപോലെതന്നെ എട്ടാംവാർഡിലെ വീട്ടു നമ്പറിൽ മറ്റൊരു വാർഡിലെ വോട്ടറെയും ചേർത്തിട്ടുണ്ട്. ഒരേവീട്ടിൽ താമസിക്കുന്ന ഭാര്യക്കും ഭർത്താവിനും വേറെ വേറെ വാർഡിൽ വോട്ട് ചേർത്തു സിപിഎം ക്രമക്കേട് നടത്തിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പ്രവാസി വോട്ട് ചേർക്കലിലും ക്രമക്കേടുകൾ നടത്തി.
എല്ലാ രേഖകൾ സമർപ്പിച്ചിട്ടും പുതുതായി അപേക്ഷിച്ച വോട്ടർമാരെ ചേർക്കാൻ ബന്ധപ്പെട്ടവർ തയറാകാത്ത അവസ്ഥയുമുണ്ട്. അതേസമയം, ഒരു രേഖകളുമില്ലാതെ സിപിഎം അനുഭാവികളെ വോട്ടർമാരായി വ്യാപമായി ചേർക്കുകയും ചെയ്തു. ക്രമക്കേടിന് കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും ജീവനക്കാർക്കെതിരെയും കോൺഗ്രസ് പരാതി നൽകുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കെപിസിസി സെക്രട്ടറി ലിസി ജോസഫ്, മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, ഡിസിസി സെക്രട്ടറി വർഗീസ് ജോസഫ് നടപ്പുറം, പഞ്ചായത്തംഗം ബിജു ചാക്കോ, ഷിജി സുരേന്ദ്രൻ, ജോണി പാമ്പാടി, വിൽസൺ കൊച്ചുപുരക്കൽ, ജോണി ചിറക്കുഴി എന്നിവർ പങ്കെടുത്തു.