നായപിടിത്തക്കാരുടെ നമ്പർ പ്രദർശിപ്പിക്കും
1590165
Tuesday, September 9, 2025 1:47 AM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ 15 പേരെ കടിച്ച സാഹചര്യത്തിൽ തെരുവ് നായകളെ പിടികൂടുന്നവരുടെ ഫോൺ നന്പറുകൾ എല്ലാവർക്കും കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കുമെന്ന് കണ്ണൂർ കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ ശല്യം വർധിക്കുന്നതുമായി ബന്ധപ്പെട്ട് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് കോർപറേഷൻ ഇക്കാര്യം അറിയിച്ചത്.
കോർപറേഷൻ തലത്തിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് തെരുവുനായ്ക്കളെ മാറ്റി പാർപ്പിക്കാനും അക്രമകാരികളായ നായ്ക്കളെ കൊണ്ടുപോകാൻ ജില്ലാ പഞ്ചായത്തിന്റെ എബിസി പദ്ധതിയുടെ ആംബുലൻസ് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കോർപറേഷൻ അറിയിച്ചു.
എബിസി സെന്റർ മാതൃകയിൽ ഐസൊലേഷൻ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപം നൽകും. അതിന്റെ നിർവഹണ ഉദ്യോഗസ്ഥനായി വെറ്ററിനിറി ഡോക്ടറെ നിയമിക്കും.
നായകളെ പിടിക്കാനുള്ള ചെലവിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് 15 പേരെ കടിച്ച നായയക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ നായയുമായി സന്പർക്കമുണ്ടായിരുന്ന മറ്റു നായകളെ പിടികൂടാൻ കൂടുകൾ അനുവദിക്കണമെന്ന് കാണിച്ച് നവംബർ 30ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നെങ്കിലും മറുപടി നൽകിയിട്ടില്ലെന്നും കോർപറേഷൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനമില്ലാത്തതാണ് തെരുവുനായശല്യത്തിനുള്ള കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിന് റെയിൽവേ മുൻകൈയെടുക്കണമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കോർപറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.