ഇൻഡോർ കോർട്ടിലെ ശബ്ദമലിനീകരണം നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1590399
Wednesday, September 10, 2025 12:49 AM IST
കണ്ണൂർ: തലശേരി എരഞ്ഞോളി നാലാം വാർഡിൽ പ്രവർത്തിക്കുന്ന ഇൻഡോർ കോർട്ട് കാരണം പ്രദേശവാസികൾക്കുണ്ടാകുന്ന ശബ്ദമലിനീകരണവും മറ്റ് നിയമലംഘനങ്ങളും തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് എരഞ്ഞോളി പഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണെന്നും ഇൻഡോർ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന പരാതിക്കാരന്റെയും മറ്റുള്ളവരുടെയും സമാധാനജീവിതം ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കേരള പഞ്ചായത്ത് രാജ് നിയമം, നോയ്സ് പൊലൂഷൻ റൂൾസ് എന്നിവ പ്രകാരം ലൈസൻസിംഗ് അഥോറിറ്റിയായ എരഞ്ഞോളി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2021 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ഇൻഡോർ കോർട്ട് പഞ്ചായത്തിന്റെ ലൈസൻസില്ലാതെ യാണ് പ്രവർത്തിക്കുന്നതെന്ന പി. വിജയന്റെ പരാതി വാസ്തവമാണെന്ന് പഞ്ചായത്ത സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പരാതിയിൽ കഴമ്പുണ്ടെന്നും ശബ്ദം നിയന്ത്രിക്കാൻ ഉടമയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.