അപകട ഭീഷണിയായി സോളാർ ലൈറ്റുകൾ
1590164
Tuesday, September 9, 2025 1:47 AM IST
ഇരിട്ടി: തലശേരി-വളവുപാറ അന്തർസംസ്ഥാന പാതയിൽ സ്ഥാപിച്ച സോളാർ ലൈറ്റുകൾ കത്തുന്നില്ലെന്നു മാത്രമല്ല ഇപ്പോൾ യാത്രക്കാർക്ക് അപകട ഭീഷണിയുമാകുന്നു. കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വിളക്കുകളിൽ ഭൂരിഭാഗവും മൂന്നു മാസത്തിനകം തന്നെ കണ്ണടച്ചിരുന്നു. ഇപ്പോൾ വിളക്കുകാലിൽ ഘടിപ്പിച്ച ബാറ്ററികൾ പലതും ഏതുസമയവും അടർന്നു വീണേക്കാമെന്ന അവസ്ഥയിലാണ്.
ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങൾ സ്ഥാപിച്ചതാണ് സോളാർ ലൈറ്റുകൾ തകരാറിലാകാൻ കാരണം. ഇതിനുപിന്നിൽ വലിയ അഴിമതി നടന്നതായും ആരോപണം ഉയർന്നിരുന്നുവെങ്കിലും അന്വേഷണമുൾപ്പടെയുള്ള നടത്താനോ തകരാറിലായത് മാറ്റി സ്ഥാപിക്കാനോ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. നഗരം ഇരുട്ടിലായതോടെ നഗരസഭ പലയിടത്തും സ്വകാര്യ സംരഭകരുടെ സഹായത്തോടെ പുതിയ ലൈറ്റുകൾ സ്ഥാപിച്ചാണ് നഗരത്തിൽ വെളിച്ചം പകരുന്നത്.
കെഎസ്ടിപി റോഡിന്റെ നവീകരണം പൂർത്തിയാക്കി പൊതുമാരാമത്ത് വകുപ്പിന് കൈമാറിയിട്ട് രണ്ടുവർഷം കഴിഞ്ഞു. ലൈറ്റുകളുടെ പരിപാലന ചുമതല അതാത് മേഖലയിലെ തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിക്കാൻ നടത്തിയ നീക്കം ഫലപ്രദമായിട്ടുമില്ല. റോഡ് പൊതുമരാമത്തിന് കൈമാറിയതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചെന്ന നിലപാടാണ് കെഎസ്ടിപി പുലർത്തുന്നതെന്നും ആക്ഷേപമുണ്ട്.
തലയ്ക്കു മീതെ
ബാറ്ററികൾ
സോളാർ ലൈറ്റുകളുടെ ബാറ്ററികൾ വൈദ്യുത തൂണിൽ നിന്ന് ഏതുസമയവും തകർന്നു വീണേക്കാമെന്ന നിലയിലാണ്. ഇതു കാരണം റോഡിലൂടെയുള്ള കാൽനടയാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ബാറ്ററികൾ ചിലയിടങ്ങളിൽ നിന്നും കടത്തിക്കൊണ്ടു പോയിട്ടുമുണ്ട്. ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിൽ ആളുകൾ തന്പടിച്ച് നിൽക്കുകയും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്നിടത്തെ സോളാർ ബാറ്ററികൾ ഏതുസമയം വേണമെങ്കിലും താഴേക്ക് പതിക്കുന്ന അവസ്ഥയിലാണ്.
സ്കൂളുകൾക്കു മുന്നിലെ വൈദ്യത തൂണിലും സമാന അപകട ഭീഷണി ഉണ്ടായതിനെ തുടർന്ന് നിരവധി തവണത്തെ ഇടപെടലിനെ തുടർന്ന് ഇവ നീക്കിയിട്ടുണ്ടെങ്കിലും മറ്റു പലയിടത്തും അതേപടി തുടരുകയാണ്.