പ്രവാസി പുനരധിവാസ പദ്ധതിയുടെ മറവിൽ കണ്ണൂരിലെ നിസാമുദ്ദീൻ മൂന്നുകോടി തട്ടിയെന്ന്
1590156
Tuesday, September 9, 2025 1:47 AM IST
കണ്ണൂർ: പ്രവാസി പുനരധിവാസ പദ്ധതിയെന്ന് പറഞ്ഞു നിക്ഷേപം സ്വീകരിച്ചശേഷം പദ്ധതികൾ നടപ്പിലാക്കാതെ മൂന്നു കോടിയിലേറെ രൂപ തട്ടിയെടുത്തതായി നിക്ഷേപകർ. പ്രവാസലോകം മതിയാക്കി തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസം ഉറപ്പുവരുത്തുമെന്നു പറഞ്ഞ് 2017 മുതലാണ് പ്രവാസികളിൽനിന്നും ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ മറവിൽ കോടികൾ പിരിച്ചതെന്ന് നിക്ഷേപകർ കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോ. സംസ്ഥാന സെക്രട്ടറിയും കേരള സ്റ്റേറ്റ് റെസ് ലിംഗ് അസോ. സംസ്ഥാന പ്രസിഡന്റുമായ നിസാമുദ്ദീൻ മൂരിയന്റകത്തിനെതിരേയാണ് ആരോപണം.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ തയ്യിൽ റൈസ് മിൽ സ്റ്റോപ്പിൽ താമസിക്കുന്ന നിസാമുദ്ദീനും ഭാര്യയും സുഹൃത്തും കൂടിയാണ് ലാഭവിഹിതം വാഗ്ദാനം ചെയ്തു പ്രവാസികളിൽ നിന്നു നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ പള്ളിക്കുന്നിലെ വലിയ കെട്ടിട സമുച്ചയം നിജാമി ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് സമുച്ചയമാണെന്ന് പ്രവാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് 110 പേരിൽ നിന്നായാണ് മൂന്നു കോടിയിലധികം രൂപ സമാഹരിച്ചത്. പള്ളിക്കുന്നിലെ ഗാർമെന്റ്സ് വ്യവസായം നിർത്തിയതിനു ശേഷം ചെറുവത്തൂരിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനം നിഫ്കോയെന്ന പേരിൽ തുടങ്ങുകയും അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയുമായിരുന്നു.
പിന്നീട് നഷ്ടത്തിന്റെ കണക്ക് പറഞ്ഞു സ്ഥാപനം അടച്ചിട്ടു. പിന്നീട് തളിപ്പറമ്പ് നാടുകാണിയിലുള്ള കിൻഫ്രയിൽ നിഫ്കോയെന്ന പേരിൽ മറ്റൊരു സ്ഥാപനം തുടങ്ങുകയും ഉത്പാദനം തുടരുകയും ചെയ്തു.
അതിലും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. ഇതിലേക്ക് സ്വീകരിച്ച നിക്ഷേപ തുക പലതും കമ്പനിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. നിക്ഷേപകർക്ക് ഇതുവരെ ലാഭവിഹിതം നല്കിയിട്ടുമില്ല. ഇതുകൂടാതെ ഓഡിറ്റ് റിപ്പോർട്ടിലും വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജിസിസി രാജ്യങ്ങളിൽനിന്നും നിസാമുദ്ദീൻ വ്യാപകമായ പണപ്പിരിവാണ് നടത്തിയത്. മലപ്പുറത്തെ വ്യക്തിയിൽനിന്നും 40 ലക്ഷം തട്ടിയെടുത്തതായും പരാതിയുണ്ട്.
നിസാമുദ്ദീനെതിരേ പോലീസിൽ പരാതി നല്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും നിക്ഷേപകർ അറിയിച്ചു. പത്രസമ്മേളനത്തിൽ എൻ. അബ്ദുൾ നാസർ, എം.എം. ഉമ്മർ കുട്ടി, ടി.കെ. അബ്ദുൾ ലത്തീഫ്, സി.വി. മുഹമ്മദലി, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.