വിപുലമായ സുരക്ഷാസംവിധാനം
1590957
Friday, September 12, 2025 1:44 AM IST
മാരത്തണിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സുരക്ഷ സംവിധാനങ്ങളും കായികതാരങ്ങള്‍ക്കു വേണ്ട സൗകര്യങ്ങളും ഉറപ്പുവരുത്തിയതായി റണ്‍ പാലക്കയംതട്ട് - ഇരിക്കൂര്‍ ടൂറിസം - മിനി മാരത്തണ്‍ മുഖ്യസംഘാടകന്‍ കൂടിയായ സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. എന്‍സിസി, എസ്പിസി, വിമുക്ത ഭടന്മാര്, യുവജന സംഘടനകള്‍, മറ്റു വിവിധ സംഘടനകള്‍ -ക്ലബുകളില്‍നിന്നുമായി തെരഞ്ഞെടുത്ത ഇരുന്നൂറോളം വോളണ്ടിയര്‍മാര്‍ മാരത്തണ്‍ റൂട്ടില്‍ മത്സരാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് അണിനിരക്കും. മത്സരത്തിന്റെ സ്റ്റാര്‍ട്ട് , ഫിനിഷ് ലൈന്‍, യൂടേണുകള്‍ എന്നിവ കായിക അധ്യാപകരുടെ നേതൃത്വത്തില്‍ നീരിക്ഷിക്കുകയും ആരോഗ്യസുരക്ഷ ക്രമീകരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരടങ്ങിയ അത്യാധുനിക സൗകര്യത്തോടു കൂടിയ ആംബുലൻസ് മാരത്തണിന്റെ മുന്നിലും പുറകിലുമായി സജ്ജമാക്കും.
മാരത്തണ്‍ റൂട്ടില്‍ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് വാട്ടര്‍ പോയിന്റും ഫസ്റ്റ് എയ്ഡ് സംവിധാനവും ഉറപ്പുവരുത്തും. കൂടാതെ, മാരത്തണ്‍ റൂട്ടിലുളള മുഴുവന്‍ വോളണ്ടിയര്‍മാരുടെ കൈവശവും കുടിവെളളവും മറ്റ് ആവശ്യ സേവനങ്ങളും ഉറപ്പുവരുത്തും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പോലീസ് , ഫയര്‍ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങളുടെയും സഹായവും തേടിയിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തും നിന്നുമായി എത്തിച്ചേരുന്ന ആയിരത്തിലധികം കായികതാരങ്ങള്‍ക്ക് മാരത്തണ്‍ പോയിന്റായ പയ്യാവൂരില്‍ എത്തിച്ചേരുന്നതിന് റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പയ്യാവൂരില്‍ ഇന്നു രാവിലെ 10 മുതല്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങും. ഇന്നു രാത്രി തന്നെ മത്സരാര്‍ഥികള്‍ക്ക് ജഴ്സിയും ചെസ്റ്റ് നമ്പറും നല്‍കും.
മത്സരത്തിനു േഷം മാരത്തണിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും ഭക്ഷണവും കായിക താരങ്ങള്‍ക്ക് പുലിക്കുരുമ്പയില്‍ നിന്ന് പയ്യാവൂരില്‍ എത്തിച്ചേരാനുളള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശ്രീകണ്ഠപുരത്ത് നടന്നപത്രമ്മേളനത്തില് ഇരിക്കൂർ ഇന്നവേഷന്‍ കൗൺസിൽ ചെയർമാൻ പി.ടി. മാത്യു, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, എരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി തുടങ്ങിയവര്‍ പങ്കെടുത്തു.