മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷൻമാരായി
1591202
Saturday, September 13, 2025 2:10 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ വൈദ്യുതി സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും ഇലക്ട്രീഷന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഒരു ഇലക്ട്രിക് സൂപ്പർവൈസറെയും മൂന്ന് ഇലക്ട്രീഷൻമാരെയും നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വാർഡുകളിലെ ഫാനുകൾ പ്രവർത്തിക്കാത്തതു കാരണം രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന പരാതിയിലാണ് നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്കിയത്.
പൊതുജനങ്ങൾക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളിലെല്ലാം പുതിയ ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. 2024-25 വർഷത്തെ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി തുക വകയിരുത്തിയിട്ടുണ്ട്.
ദന്തൽ, എക്സറേ, കുടിവെള്ള പദ്ധതി, ജില്ലാ ആശുപത്രി ഓഫീസ് മെച്ചപ്പെടുത്തൽ, അടിയന്തര അറ്റകുറ്റപണികൾ എന്നിവയ്ക്കായി 5,94,73,498 രൂപ വകയിരുത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. കടലായി സ്വദേശി എം. ജംഷാദ് സമർപ്പിച്ച പരാതിയിലാണ് നടപടി.