സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്സ് പരിശീലനം തുടങ്ങി
1590656
Thursday, September 11, 2025 12:53 AM IST
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ സെമി ഫൈനലില്‍ കാലിടറിയ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബ് ഇത്തവണ കിരീടം ലക്ഷ്യമിട്ട് പരിശീലനമാരംഭിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ മുഖ്യപരിശീലകന്‍ സ്പെയിനില്‍ നിന്നുള്ള മനോലോ സാഞ്ചസിന്റം നിര്‍ദേശാനുസരണം സഹപരിശീലകന്‍ ഷഫീഖ് ഹസന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കഴിഞ്ഞ സീസണിലും ഇരുവരും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചത്.
മുഖ്യപരിശീലകനും വിദേശ താരങ്ങളും വരും ദിവസങ്ങളില്‍ ടീമിനൊപ്പം ചേരും. ആദ്യ സീസണില്‍ ടീമിനായി തിളങ്ങിയ അസിയര്‍ ഗോമസ്, ലവ്സാംബ, അഡ്രിയാന്‍ സര്‍ഡിനേറോ എന്നിവര്‍ക്ക് പുറമെ ഫോര്‍സാ കൊച്ചിയില്‍ മിന്നും പ്രകടനം കാഴ്ചവച്ച നിദാല്‍ സൈയ്ദുമാണ് നിലവില്‍ കണ്ണൂര്‍ വാരിയേഴ്സിലെത്തിയ വിദേശ താരങ്ങള്‍. കൂടാതെ സെന്റർ ബാക്ക്, സ്ട്രൈക്കര്‍ പൊസിഷനിലേക്ക് പുതിയ വിദേശ താരങ്ങളുമെത്തും. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിലവില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ എല്ലാ ഇന്ത്യന്‍ താരങ്ങളും ടീമിനൊപ്പമുണ്ട്. കൂടാതെ ഗെയിം ചേഞ്ചര്‍ ത്രിദിന പരിശീലന പരിപാടിയില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് താരങ്ങളും പരിശീലനത്തിലുണ്ട്. അവസാനഘട്ടത്തില്‍ ടീം 25 പേരായി ചുരുങ്ങും. ഒക്ടോബര്‍ ആദ്യവാരം മത്സരങ്ങള്‍ ആരംഭിക്കും. കണ്ണൂര്‍ വാരിയേഴ്സിന്റെ ഹോം മത്സരങ്ങള്‍ കണ്ണൂര്‍ മുനിസിപ്പൽ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ സീസണില്‍ സ്വന്തമായി ഹോം സ്റ്റേഡിയം ഇല്ലാതെയാണ് കണ്ണൂര്‍ വാരിയേഴ്സ് മത്സരിച്ചത്. അന്ന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ കാലിക്കട്ട് എഫ്സിക്കെപ്പം ഹോം സ്റ്റേഡിയം പങ്കിടുകയായിരുന്നു.