വെള്ളക്കെട്ട് ദുരിതമാകുന്നു
1590944
Friday, September 12, 2025 1:43 AM IST
മടമ്പം: തളിപ്പറമ്പ് ശ്രീകണ്ഠപുരം ഇരിക്കൂർ സംസ്ഥാനപാതയിൽ തൃക്കടമ്പിൽ റോഡരികിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാവുന്നു. തൃക്കടമ്പ് മിൽമ ബസ് സ്റ്റോപ്പിന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
വെള്ളക്കെട്ടുള്ള ഭാഗത്തു കൂടെ നടന്നു പോകുന്നവർക്ക് വാഹനങ്ങൾ കടന്നു വരുന്പോൾ മാറി നിൽക്കാൻ പോലും സ്ഥലമില്ല. ഇരുവശങ്ങളിൽ നിന്ന് വാഹനങ്ങൾ കടന്നു വരുന്പോൾ ഒരു ഭാഗത്തെ വാഹനം വെള്ളക്കെട്ടിലേക്ക് ഇറക്കേണ്ട അവസ്ഥയുമുണ്ട്.
ആഴ്ചകൾക്ക് മുന്പ് വൈദ്യുത കേബിൾ ഇടാൻ റോഡ് വെട്ടിക്കീറിയപ്പോൾ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണോ വെള്ളക്കെട്ടിന് കാരണമെന്ന് സംശയിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.