ഇരിക്കൂര്‍ ടൂറിസം ലോകമറിയാൻ രാജ്യാന്തര മിനി മാരത്തണ്‍ നാളെ
1590956
Friday, September 12, 2025 1:44 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ പ്രകൃതിഭംഗിയെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തുന്നതിന് സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിടിപിസിയും ഇരിക്കൂര്‍ ടൂറിസം ആൻഡ് ഇന്നൊവേഷന് കൗണ്‍സിലും സംയുക്തമായി നടത്തുന്ന റണ്‍ പാലക്കയംതട്ട് ഇരിക്കൂര്‍ ടൂറിസം രാജ്യാന്തര മിനി മാരത്തൺ നാളെ നടക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കും. പുലർച്ചെ ആറിന് പയ്യാവൂരില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ മാരത്തണ്‍ ആരംഭിക്കും. പുലിക്കുരുമ്പയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സണ്ണി ജോസഫ് എംഎല്‍എ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. മത്സരത്തില്‍ പങ്കെടുത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ പേര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും മത്സരം പൂര്‍ത്തികരിക്കുന്ന 60 വയസിന് മുകളിലുളളവര്‍ക്ക് കാഷ് പ്രൈസ് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പയ്യാവൂരിൽനിന്ന്
പുലിക്കുരുന്പയിലേക്ക്
പയ്യാവൂരില്‍ ആരംഭിച്ച് പുലിക്കുരുമ്പയിലാണ് മാരത്തണിന്റെ സമാപനം. പയ്യാവൂർ ബസ്സ്റ്റാൻഡിന് സമീപമുള്ള മൈതാനത്തുനിന്നാണ് മാരത്തൺ ആരംഭിക്കുന്നത്.
12.5 കിലോമീറ്റര്‍ മിനി മാരത്തണില്‍ എതോപ്യ, നേപ്പാള്‍ അടക്കമുളള വിദേശരാജ്യങ്ങളില്‍ നിന്നും മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി നൂറുകണക്കിന് അത്ലറ്റുകള് വ്യത്യസ്ത കാറ്റഗറികളിലായി പങ്കെടുക്കും.
പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തി എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്ന പയ്യാവൂരില്‍ ആരംഭിച്ച് പൂപ്പറമ്പ് അവസാനിക്കുന്ന നാലുകിലോമീറ്റര്‍ റണ്‍ ഫോര്‍ ഫണും മാരത്തണിന്റെ ഭാഗമായി നടക്കും. സ്ത്രീ, പുരുഷന്, ട്രാന്‍സ്ജെൻഡര്‍ വിഭാഗത്തിലുമായി നടത്തുന്ന മിനി മാരത്തണില്‍ 18 വയസ് മുതല്‍ 35വയസ് വരെയും 36 വയസ് മുതല്‍ 45 വയസ് വരെയും 46 വയസ് മുതല്‍ മുകളിലോട്ടുമായി കാറ്റഗറി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഓടാൻ വിഐപികളും
ജനപ്രതിനിധികളും
രണ്ടരലക്ഷം രൂപയുടെ കാഷ് പ്രൈസ് സമ്മാനിക്കുന്ന രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് പ്രമുഖരായ അത്ലറ്റുകൾ അണിനിരക്കുന്ന ഈ മിനി മാരത്തണില്‍ ജനപ്രതിനിധികള്‍ ഉൾപ്പെടെയുള്ള രാഷ്ട്രീയ -സാമൂഹ്യ-കലാ-കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
കെ.പി.മോഹനന്, ചാണ്ടി ഉമ്മന്‍, കെ.വി. സുമേഷ് , ടി. സിദ്ദിഖ്, ടി.ഐ. മധുസൂദനന്, എന്‍.എ. നെല്ലിക്കുന്ന്, ഐ.സി. ബാലകൃഷ്ണന്, എം. വിജിന് തുടങ്ങിയ എംഎല്‍എമാരും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ എല്ലാ നഗരസഭ /പഞ്ചായത്ത് പ്രസിഡന്റുമാരും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ.വീനിത്, മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫ് , അന്തര്‍ദേശീയ ബോക്സിംഗ് താരവും ധ്യാന്‍ചന്ദ് പുരസ്കാര ജേതാവുമായ കെ.സി. ലേഖ, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളും കായിക താരങ്ങളുമായ ടി.കെ. പ്രിയ, സിനി ജോസ്, ടിയാന മേരി തോമസ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്, സിറ്റി പോലിസ് കമ്മീഷണർ പി. നിധിൻ രാജ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.