മദര്‍ഹോം ധ്യാനകേന്ദ്രം വാര്‍ഷികം 13ന്
1590652
Thursday, September 11, 2025 12:53 AM IST
പരിയാരം: മദര്‍ ഹോം ധ്യാനകേന്ദ്രം ഇരുപത്തിയൊന്നാം വാര്‍ഷികവും രാപ്പകല്‍ ആരാധനയുടെ ആയിരം ദിവസത്തിന്റെ ആഘോഷവും 13ന് നടക്കുമെന്ന് ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ബെന്നി പുത്തൻനടയിൽ അറിയിച്ചു. രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് പരിപാടി. വാര്‍ഷിക ദിനത്തില്‍ നടക്കുന്ന ശുശ്രൂഷകൾക്ക് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കും.
21 വര്‍ഷത്തെ വ്യത്യസ്തങ്ങളായ ധ്യാന, ആത്മീയ ശുശ്രൂഷകള്‍ വഴി വിവിധ തിന്മകളില് അകപ്പെട്ടുപോയ അനേകം പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും മാനസാന്തരപ്പെടുത്തി നന്മയുടെ വഴിയിലേക്ക് നയിക്കാനും മദർഹോം ധ്യാനകേന്ദ്രത്തിന് കഴിഞ്ഞുവെന്ന് ഫാ. ബെന്നി പുത്തൻനടയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 2004 സെപ്റ്റംബർ എട്ടിന് തലശേരി അതിരൂപതയിലെ പ്രമുഖധ്യാന ഗുരുവായ ഫാ. മാത്യു ആശാരിപറമ്പിലാണ് മദര്‍ ഹോം ധ്യാനകേന്ദ്രത്തിന് തുടക്കം കുറിച്ചത്. പത്രസമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റര്‍ ഫാ.മൈക്കിള്‍ മഞ്ഞക്കുന്നേല്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. പോള്‍ പുലിമലയില്‍, ഫാ.തോമസ് പാറേക്കാട്ടില്‍ എന്നിവരും പങ്കെടുത്തു.