ആറളത്തെ ആനമതിൽ നിർമാണം ഇഴയുന്നു ; പ്രതിഷേധവുമായി ആദിവാസി സംഘടനകൾ
1591196
Saturday, September 13, 2025 2:10 AM IST
ഇരിട്ടി: കാട്ടാനയുൾപ്പടെയുള്ള വന്യമൃഗാക്രമണങ്ങളിൽ നിന്ന് ആറളം പുനരധിവാസ മേഖലയിലുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ആറളം ഫാം സംരക്ഷണത്തിനുമായുള്ള ആന പ്രതിരോധമതിൽ നിർമാണം ഇഴയുന്നതിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ. നിർമാണം വൈകുന്നതിനെതിരെ ആദിവാസി സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്.
ഹൈക്കോടതിയും പട്ടികജാതി-പട്ടിക വർഗകമ്മിഷനും മന്ത്രിതലത്തിൽ നിന്നുള്ള ഇടപെടലുകൾ വരെ ഉണ്ടായിട്ടും രണ്ടുവർഷം കൊണ്ട് പത്തു കിലോമീറ്റർ മതിലിന്റെ നാലുകിലോമീറ്റർ ഭാഗത്തെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗമാണ് നിർവഹണ ഏജൻസി. നിലവിലുള്ള കരാറുകാരനെ മാറ്റി പുതിയ കരാർ നൽകിയെങ്കിലും വർക്ക് എഗ്രിമെന്റ് വച്ച് കരാറുകാരന് സൈറ്റ് ഇനിയും കൈമാറിയിട്ടില്ല. നേരത്തെ ഒഴിവാക്കിയ കരാറുകാരൻ തന്നെ കരാറിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനു പിന്നാലെ അപ്പീൽ പോയിരിക്കുകയാണ്.
വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പുതിയ പ്രവൃത്തി നടത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ആനമതിൽ നിർമാണത്തെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുന്നത്. പ്രവൃത്തി പുതിയ കരാറുകാന് നൽകിയെന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നാണ് പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം അധികൃതർ പറയുന്നത്.
ഏപ്രിൽ 30നുള്ളിൽ ആറുകിലോമീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നായിരുന്നു ആദ്യ കരാറുകാരനെ ഒഴിവാക്കിയത്. മതിലന്റെ അലൈൻമെന്റിൽ വരുത്തിയ മാറ്റത്തെ തുടർന്ന് പഴയ മതിൽ നിലനിന്ന 4.5 കിലോമീറ്റർ ഭാഗത്തെ മരങ്ങൾ നേരത്തെ മുറിച്ചു നീക്കിയിരുന്നു. മതിൽ പൂർത്തിയാകാത്ത ഭാഗങ്ങളിൽ വനംവകുപ്പ് താത്കാലിക സൗരോർജ വേലി നിർമിച്ചിട്ടുണ്ട്.
തുരത്തും, തിരിച്ചെത്തും
കാട്ടാന ശല്യം രൂക്ഷമായ ആറളം ഫാം, പുനരധിവാസ മേഖല എന്നിവിടങ്ങളിലെ ആനകളെ പലപ്പോഴായി വനംവകുപ്പ് കാട്ടിലേക്ക് തുരത്തിയെങ്കിലും മതിലിന്റെ അഭാവത്തിൽ ഇവ തിരിച്ചെത്തി ഫാമിലും പുനരധിവാസ മേഖലയിലുമായി തന്പടിക്കുകയാണ്.
പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് തുരത്തുന്നതിനായി "ഓപ്പറേഷൻ ഗജമുക്തി' എന്ന പദ്ധതി തന്നെ ആവിഷ്കരിച്ചു നടപ്പാക്കി തുടങ്ങിയിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം പദ്ധതിക്ക് ലക്ഷ്യം നേടാനായില്ല. വലിയ മോഴയാന, ചെറിയ മോഴയാന, മൊട്ടുക്കൊമ്പൻ, കോരിക്കൊമ്പൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഫാം മേഖലയിലെ ആനകളാണ് അതീവ അപകടകാരികൾ. പലപ്പോഴായി നടത്തിയ തുരത്തിലിൽ ഇവയെയും കാട് കയറ്റിയിരുന്നെങ്കിലും നിലവിൽ ഇവ ഫാം മേഖലയിൽ തിരിച്ചെത്തിയിട്ടുണ്ട്.