വളപട്ടണം പോലീസിന്െ ജീവൻ രക്ഷാപ്രവർത്തനം: ബിഗ് സല്യൂട്ട്
1591209
Saturday, September 13, 2025 2:10 AM IST
കണ്ണൂർ: ഡ്യൂട്ടിക്കായി ബൈക്കിൽ പോകുന്നതിനിടെയാണ് വളപട്ടണം പാലത്തിന്റെ കൈവരിയിൽ ഷർട്ടില്ലാതെ ഒരു വയോധികൻ നിൽക്കുന്നതായി വളപട്ടണം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുജിത്തിന്റെയും സിപിഒ മിഥുനിന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഇരുവരും സൂക്ഷിച്ചുനോക്കിയപ്പോൾ ഇയാളുടെ കാലുകൾ മെല്ലെ ഉയർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഉടൻ ബൈക്ക് നിർത്തി ഇരുവരും ചാടിയിറങ്ങി ഓടി വയോധികന്റെ അടുത്തെത്തി. അടുത്ത കാൽ ഉയർത്തുന്നതിന് മുന്പേ ഇരുവരും ചേർന്ന് പിടിച്ചുമാറ്റി. സെക്കൻഡുകൾ താമസിച്ചിരുന്നെങ്കിൽ അയാൾ പുഴയിലേക്ക് ചാടിയേനെ. കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45 നാണ് സംഭവം. സ്റ്റേഷനിൽനിന്നും പാപ്പിനിശേരി, അരോളി സ്കൂളുകളിൽ എസ്പിസി കേഡറ്റുകൾക്ക് പരിശീലനം നല്കാൻ പോകുന്നതിനിടെയാണ് ഇരുവരും ചേർന്ന് വയോധികനെ രക്ഷപ്പെടുത്തിയത്. ഒറ്റനോട്ടത്തിൽ അയാൾ പുഴയിലേക്ക് ചാടുമെന്ന് മനസിൽ ആരോ തോന്നിപ്പിച്ചതായി എഎസ്ഐ സുജിത്ത് പറഞ്ഞു.
ചുറ്റും നോക്കിയപ്പോൾ വയോധികന്റെ ബനിയനും ഷർട്ടും നിലത്തു കിടക്കുന്നു. കാലുകൾ കൈവരിയിലേക്ക് ചവിട്ടി കയറുന്നത് കണ്ടപ്പോൾ പുഴയിലേക്ക് ചാടാനാണ് ഭാവം എന്നുററപ്പായി. പിന്നെ, മിന്നൽ വേഗത്തിലായിരുന്നു ഞങ്ങൾ വയോധികന്റെ അടുത്തെത്തിയത്. അയാളെ അവിടെനിന്ന് പിന്തിരിപ്പിച്ചപ്പോൾ പേരും സ്ഥലവും മാത്രം പറഞ്ഞു.
പിന്നീട്, ഒന്നും ഓർമയില്ലെന്ന് പറയുകയായിരുന്നു. താനെങ്ങനെയാണ് ഇവിടെയെത്തിയെന്നോ, ഇതു പുഴയാണെന്നോ അയാൾക്ക് അറിയില്ലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു. നേരേ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പല തവണ ചോദിച്ചിട്ടും കൃത്യമായ സ്ഥലം പറഞ്ഞില്ല. ആദ്യം പറഞ്ഞ പഴയങ്ങാടിക്കടുത്ത സ്ഥലം നോക്കി നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ പോലീസ് കണ്ടെത്തിയത്. പഴയങ്ങാടി ഏഴോം സ്വദേശിയായ വയോധികൻ പള്ളിയിൽ പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാർ പറഞ്ഞു. പുഴയിലേക്ക് ചാടാൻ ശ്രമിച്ച വയോധികനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ എഎസ്ഐ സുജിത്തിനും സിപിഒ മിഥുനും അഭിനന്ദനപ്രവാഹമാണ്.