ഫിറോസിന്റെ അഴിമതിക്കഥകൾ പുറത്തുവിടുന്നത് കൂടെ നിൽക്കുന്നവർ തന്നെയെന്ന് എം.വി. ജയരാജൻ
1591193
Saturday, September 13, 2025 2:10 AM IST
കണ്ണൂർ: ആരോപണ വിധേയനായ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുടെ അഴിമതി വിവരങ്ങൾ കെ.ടി. ജലീലിന് എത്തിച്ചു നൽകിയത് ഫിറോസിനോട് ഏറ്റവും അടുപ്പം നടിക്കുന്നവർ തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. ആര് തെറ്റുചെയ്താലും നടപടി സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിൽ നിലവിലുള്ളത്. ഇത്തരക്കാർക്ക് ഒരു തരത്തിലുള്ള സംരക്ഷണവും സർക്കാരിൽ നിന്നുണ്ടാവില്ല.114 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടപ്പെട്ടത് ഈ നിലപാടിന്റെ തെളിവാണ്.
സിപിഐ സമ്മേളനത്തിൽ പോലീസിനെതിരായ വിമർശനം ഉയർന്നുവല്ലോ എന്ന ചോദ്യത്തിന് വിമർശനം തിരുത്താനുള്ള നടപടിയാണെന്നും മാധ്യമങ്ങളിൽ വരുന്നത് മുഴുവൻ ശരിയല്ലെന്നുമുള്ള ചരിത്രമാണ് മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നുമായിരുന്നു മറുപടി.
കോൺഗ്രസിന് അകത്തുനിന്നു തന്നെ കോൺഗ്രസിനെ ശരിയാക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രീതി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമുണ്ട്. നിലവിലെ സാഹചര്യത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലും കോൺഗ്രസുമാണ്.
പങ്കെടുത്താൽ പ്രതിഷേധമുണ്ടാകും. വി.ഡി. സതീശന് രാഹുൽ മാങ്കൂട്ടവുമായി സഹോദര സ്നേഹമാണ്. സഹോദരനെ സംരക്ഷിക്കാനാണ് സതീശൻ ശ്രമിച്ചത്. പരാതിക്കാരിയായ പെൺകുട്ടിക്ക് പിതൃതുല്യനാണ് താനെന്നാണ് സതീശൻ പറഞ്ഞത്. രക്തബന്ധം സഹോദരനുമായാണല്ലോ ഉണ്ടാവുകയെന്നും എം.വി. ജയരാജൻ പറഞ്ഞു.