മുടിക്കയം താഴ്വാരത്തെ കുടുംബങ്ങൾ ഭീഷണിയിൽ
1590947
Friday, September 12, 2025 1:43 AM IST
ഇരിട്ടി: 2018 ലുണ്ടായ പ്രളയത്തിൽ കച്ചേരികടവ് മുടിക്കയത്ത് മലഞ്ചെരിവിലെ പാറകൾ ഇളകി നീങ്ങിയത് ഏഴു വർഷമായിട്ടും നീക്കാത്തത് താഴ്വാരത്തെ കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. അടുത്തടുത്തായി അടുക്കുപോലെ ചേർന്നുനിന്നിരുന്ന മൂന്ന് കൂറ്റൻ പാറകളിൽ ഒന്നാണ് 2018ലെ പ്രളയത്തിൽ നിരങ്ങി നീങ്ങിയ നിലയിലായത്.
പാറയുടെ മുകൾഭാഗം അരയടിയും താഴ്ഭാഗം നേരിയ അകലത്തിലും നിന്നിരുന്ന പാറക്കൂട്ടത്തിൽ നിന്നാണ് ഒരെണ്ണം പ്രളയകാലത്ത് ഇളകി മാറിയത്. മറ്റു രണ്ടു പാറകളിൽ നിന്ന് വേറിട്ട് മുകൾവശത്ത് ഇപ്പോൾ ഏഴടിയുടെയും താഴ്ഭാഗത്ത് നാലടിയുടെയും അകലത്തിലാണ് പാറ. പാറകളുടെ വിടവിലൂടെ ഉറവയും രൂപപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ജലസ്രോതസ് പാറയക്ക് ഇളക്കം തട്ടിയതോടെ അടഞ്ഞു നീരുറവയായി മാറുകയായിരുന്നു.നിരന്തരം വെള്ളമൊഴുകുന്നതിനാൽ മണ്ണിന്റെ ബലം കുറഞ്ഞ് പാറ ഏതു സമയത്തും താഴേക്ക് പതിച്ചേക്കാമെന്ന കടുത്ത ആശങ്കയാണ് ഉയരുന്നത്.
താഴ്വാരത്തെ താമസക്കാരായ എളന്പിലക്കാട് മേരി, ബിജു, സിജു, ബൈജു, ജോണി, ഡാർജി കപ്പിലുമാക്കൽ, ഷിജി കുഴിമറ്റം, ജോസ് കോലാക്കൽ, കുഞ്ഞ് പള്ളിപ്പറമ്പിൽ എന്നീ കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. പാറ ഇളകിയതിനു ശേഷം എല്ലാ മഴക്കാലത്തും അധികൃതർ ഈ കുടുംബങ്ങളെ മാറ്റിപ്പാർക്കുകയാണ് ചെയ്യുന്നത്. സണ്ണി ജോസഫ് എംഎൽഎ അടക്കം കുടുംബങ്ങളുടെ ഭീതി ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. സ്ഥലം സന്ദർശിച്ച അധികൃതർ തന്നെ പാറ അപകട ഭീഷണി ഉയർത്തുന്നതാണെന്നും പൊട്ടിച്ചു നീക്കണമെന്നും അഭിപ്രായപ്പട്ടിരുന്നെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പാലത്തും കടവ് അംഗം ബിജോയ് പ്ലാത്തോട്ടം പറഞ്ഞു.
സ്ഥലത്തേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാൻ സൗകര്യമില്ലാത്തതും സ്ഫോടക വസ്തു ഉപയോഗിച്ച് പൊട്ടിച്ചാൽ ചിതറിത്തെറിച്ച് വീടുകൾക്ക് കേടുപാടുകൾ വരുമെന്നതും പാറ പൊട്ടിക്കലിനെ പ്രതിസന്ധിയിലാക്കുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിച്ച് പാറ മുറിച്ചു നീക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്
ജിയോളജി വകുപ്പിനോട് റിപ്പോർട്ട് തേടി
കഴിഞ്ഞദിവസം വിവിധ വകുപ്പുകൾ ക്രോഡീകരിച്ചു രൂപീകരിച്ച ഉദ്യോഗസ്ഥ സംഘം അപകട ഭീഷണി ഉയർത്തുന്ന പാറയും പരിസരപ്രദേശവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
പാറയുടെ ഭൂമിക്കടിയിലേക്കുള്ള താഴ്ചയും മറ്റ് സുരക്ഷാ സാഹചര്യങ്ങളും പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജിയോളജി വിഭാഗത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ട് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പാന നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ അറിയിച്ചു.
"ഇതൊന്ന്
മാറ്റിത്തരുമോ’
ഇളകി മാറിയ പാറ ചെറുതായിട്ട് ഒന്ന് അനങ്ങിയാൽ പോലുമുണ്ടാകുന്ന വലിയ അപകട സാധ്യതയുടെ തൊട്ടു കീഴിലാണ് താനും കുടുംബവും താമസിക്കുന്നത്. ഇളകിയ പാറ വീടിന് മുകളിലാണ്. ജീവൻ പണയം വച്ചാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. ഏഴു വർഷമായി ഓരോ മഴക്കാലത്തും എല്ലാ കുടുംബങ്ങളും ഭീതിയോടെയാണ് കഴിയുന്നത്. ഇരുട്ടി വെളുക്കുമ്പോൾ ഞങ്ങളിൽ ആരെല്ലാം അവശേഷിക്കും എന്നതും വലിയ ചോദ്യമാണ്.