തില്ലങ്കേരിയിൽ 27 പേർക്ക് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനം ശക്തമാക്കി
1590641
Thursday, September 11, 2025 12:53 AM IST
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 27 പേർക്കാണ് രോഗം കണ്ടെത്തിയത്.
രോഗ ബാധ രൂക്ഷമാകുന്നത് തടയാൻ തില്ലങ്കേരിയിൽ ചേർന്ന ജനകീയ കൂട്ടായ്മയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമഗ്ര മാർഗരേഖ തയാറാക്കി. ഭക്ഷണ-പാനീയ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഹെൽത്ത് കാർഡില്ലാത്ത മുഴുവൻ ജീവനക്കാരും രണ്ടാഴ്ചക്കുളളിൽ മെഡിക്കൽ ഫിറ്റ്നസ് ഹാജരാക്കണം. സ്ഥാപനങ്ങൾക്ക് ആരോഗ്യ പ്രവർത്തകർ മുഖേന ശേഖരിക്കുന്ന വാട്ടർ സാമ്പിൾ റിസൾട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുമ്പ് അധികൃതരെ അറിയിക്കണം. മഞ്ഞപ്പിത്ത ബാധയുള്ളവർ അക്കാര്യം ബന്ധുക്കളെയും മറ്റും അറിയിച്ച് സന്ദർശനം വിലക്കണം.
സ്കൂളുകളിൽ കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കുവയ്ക്കാൻ പാടില്ല. മുഴുവൻ അങ്കണവാടികളിലും വായനശാലകളിലും ആരോഗ്യബോധവത്കരണ സംഗമങ്ങൾ വിളിച്ചു ചേർക്കണം. എല്ലാ തിങ്കളാഴ്ചകളിലും തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് അവലോക യോഗങ്ങൾ നടത്തും.
സ്കൂളുകളിൽ മഞ്ഞപ്പിത്തം സംബന്ധിച്ച ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. മൈക്ക് അന്നൗൺസ്മെന്റും കോർണർ യോഗങ്ങളും സംഘടിപ്പിക്കും. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും നിർദേശങ്ങൾ പാലിക്കുന്നതായി വ്യാപാരി വ്യവസായി സംഘടനകൾ ഉറപ്പുവരുത്തും. സോഷ്യൽ മീഡിയ കാമ്പയിൽ ശക്തിപ്പെടുത്തും. ജനകീയ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ. രസ്ന ക്ലാസെടുത്തു. പ്രതിരോധ പ്രവർത്തന മാർഗരേഖ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് സി.പി. സലീം അവതരിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രതീഷ്, അംഗങ്ങളായ പി.ഡി. മനീഷ, എൻ. മനോജ്, രമണി മിന്നി, എം.കെ. ആനന്ദവല്ലി, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. സുധീർ , ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റിയാണി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.