കോൺഗ്രസ് പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1590657
Thursday, September 11, 2025 12:53 AM IST
കണ്ണൂർ: ഒന്പത് വർഷം കൊണ്ടുള്ള ഭരണം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പോലീസ് സേനയെ പാർട്ടിയുടെ ക്രിമിനൽ സംഘങ്ങളാക്കി മാറ്റിയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ അതിക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സദസിന്റെ ജില്ലാതല ഉദ്ഘാടം കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും മനുഷ്യത്വരഹിതമായാണ് പോലീസ് പെരുമാറുന്നത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ തുടങ്ങിയതിൽ പിന്നെ 17 ഓളം കസ്റ്റഡി മരണങ്ങളാണ് സംഭവിച്ചത്. കാക്കിയിട്ട് എന്ത് തെമ്മാടിത്തവും ചെയ്യാമെന്നതിന് പ്രോത്സാഹനം നൽകുന്ന രീതിയിലാണ് ആഭ്യന്തര വകുപ്പ് പ്രമോഷനും സ്ഥലം മാറ്റവും നൽകുന്നത്. പൊതുജനങ്ങൾക്ക് നിർഭയം എപ്പോഴും കടന്നു ചെല്ലാവുന്ന ജനമൈത്രി പോലീസ് സ്റ്റേഷനുകൾ പോലും മൃഗീയ മർദന കേന്ദ്രങ്ങളാക്കി മാറ്റി. പാർട്ടിക്കു വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്തു നടത്തുന്ന തരത്തിൽ പോലീസ് മാറിയന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
പി. അനൂപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുരേഷ് ബാബു എളയാവൂർ, എംപി. രാജേഷ്, മണ്ഡലം പ്രസിഡന്റുമാരായ പ്രദീപൻ, റഫീഖ്, രഞ്ജിത്ത്, നേതാക്കളായ പി.വി. പുരുഷോത്തമൻ, രാഹുൽ കായക്കൂൽ, ഫർഹാൻ മുണ്ടേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത് എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട്, ഉദയഗിരി, തേർത്തല്ലി, കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ആലക്കോട് ടൗണിൽ നിന്നു നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി അരങ്ങത്തെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് വട്ടമല അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി തോമസ് വെക്കത്താനം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബാബു പള്ളിപ്പുറം, ജോയിച്ചൻ പള്ളിയാലിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി: ഉളിക്കൽ, നുച്യാട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഉളിക്കൽ പോലീസ് സ്റ്റേഷന് മുമ്പിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ് സജീവ് ജോസഫ്എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ടോമി മുക്നോലിക്കലി അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ: ഇരിക്കൂർ,പടിയൂർ കല്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരിക്കൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. ഷഫീഖ് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ്: തളിപ്പറന്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ കൂട്ടായ്മയും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എം.എൻ. പൂമംഗലം അധ്യക്ഷത വഹിച്ചു.
പെരിങ്ങേം: പെരിങ്ങോം, വയക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരിങ്ങോം പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. പെരിങ്ങോം മണ്ഡലം പ്രസിഡന്റ് എ.കെ. രാജൻ അധ്യക്ഷത വഹിച്ചു.
പയ്യാവൂർ: പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസും നടത്തി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ആർ.രാഘവൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.വി.ഫ്രാൻസിസ്, ബേബി മുല്ലക്കരി തുടങ്ങിയവർ പ്രസംഗിച്ചു.